വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത് റോഡ്: ഈ വഴി പോയാൽ കുഴിയിൽ വീഴാം
Mail This Article
കോലഞ്ചേരി ∙ വടവുകോട് – പുത്തൻകുരിശ് പഞ്ചായത്ത് റോഡിൽ ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാനായി എടുത്ത കുഴികൾ അപകടമുണ്ടാക്കുന്നു. നടന്നു പോകുന്നവരും വാഹനങ്ങളും കുഴിയിൽ ചാടുന്നത് പതിവായി.കഴിഞ്ഞ ദിവസം സ്കൂൾ കുട്ടികളുമായി പോയ വാഹനം ചെരിഞ്ഞ് മതിലിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെയാണ് പഞ്ചായത്ത് റോഡ് കുത്തി പൊളിച്ചത്.
വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താതെയാണ് പൈപ്പ് സ്ഥാപിക്കുന്നതെന്ന് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ടെൻഡർ നടപടിയും ആരംഭിച്ചിട്ടില്ല. ജല അതോറിറ്റി, പഞ്ചായത്തിനു നൽകേണ്ട തുക നൽകിയിട്ടില്ല. ജല അതോറിറ്റിയും പഞ്ചായത്തും ജല ജീവൻ മിഷനും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ പണികൾ നടക്കുന്നില്ല. ഇൗ പദ്ധതിക്കായി സംസ്ഥാന സർക്കാർ നൽകേണ്ട തുകയും നൽകിയിട്ടില്ല.
റോഡ് പൂർവ സ്ഥിതിയിൽ ആക്കിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ പീറ്റർ പറഞ്ഞു. പുത്തൻകുരിശ് മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്ട്, അമ്പലമേട് മണ്ഡലം പ്രസിഡന്റ് എസ്. സുജിത്ത്, മിൽമ ബോർഡ് അംഗം വത്സലൻ പിള്ള, ജോർജ് വർക്കി, ജിബി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ എം.എം. ലത്തീഫ്, സജിത പ്രദീപ്, ബിനീത പീറ്റർ, ഷാനിഫ ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എനിൽ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.