ചത്ത പേ നായയെ ചാക്കിലാക്കി കുഴിച്ചിട്ട സംഭവം കുറ്റക്കാർക്കെതിരെ നടപടി തേടി കൗൺസിലിൽ ബഹളം
Mail This Article
പറവൂർ ∙ നഗരത്തിൽ 4 പേരെ കടിച്ച, പേ വിഷബാധ സംശയിക്കുന്ന തെരുവുനായയുടെ ജഡം പോസ്റ്റ്മോർട്ടം നടത്താതെ മറവു ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭ കൗൺസിൽ ഹാളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. നവംബർ 13 രാവിലെ 10ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു 4 പേരെ കടിച്ച ശേഷം തെരുവുനായ ചത്തത് ആശങ്കയുണ്ടാക്കിയിരുന്നു.
പ്രഥമ ദൃഷ്‌ടിയിൽ തന്നെ പേ വിഷബാധ ഉണ്ടെന്നു സംശയം തോന്നിയതിനാൽ മണ്ണുത്തിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തണമെന്നു മൃഗാശുപത്രിയിലെ ഡോക്ടർ നിർദേശിച്ചെങ്കിലും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ നായയെ ചാക്കിലാക്കി വെടിമറയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ കുഴിച്ചിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി മണ്ണുത്തിയിലെ ആശുപത്രിയുമായി പറവൂരിലെ മൃഗാശുപത്രിയിലെ ഡോക്ടർ ബന്ധപ്പെട്ടപ്പോഴാണ് ചത്ത നായയെ അവിടെ എത്തിച്ചില്ലെന്ന വിവരമറിഞ്ഞത്.
പിന്നീടു നടന്ന കൗൺസിൽ യോഗത്തിൽ നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഇന്നലത്തെ കൗൺസിലിൽ ആവശ്യപ്പെട്ടപ്പോഴും നഗരസഭാധ്യക്ഷയും ഭരണകക്ഷിയും നിഷേധ നിലപാട് സ്വീകരിച്ചെന്നും എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. എൻ.ഐ.പൗലോസ്, എം.കെ.ബാനർജി, ജ്യോതി ദിനേശൻ, സി.എസ്.സജിത, നിമിഷ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിയിരുന്നു പ്രതിഷേധിച്ചത്. 28ന് ചേരുന്ന കൗൺസിൽ യോഗത്തിന് മുൻപ് കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷ ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.