വേലിയേറ്റം: ചിറ കരവിഞ്ഞു; മത്സ്യക്കുഞ്ഞുങ്ങളും ചെമ്മീനും ഞണ്ടുകളും പുറത്തേക്ക് ഒഴുകുന്നു
Mail This Article
വരാപ്പുഴ ∙ വേലിയേറ്റത്തെ തുടർന്നു മത്സ്യക്കെട്ടുകളുടെ ചിറ കരകവിഞ്ഞു വെള്ളം ഒഴുകുന്നതിനാൽ മത്സ്യക്കുഞ്ഞുങ്ങളും ചെമ്മീനും ഞണ്ടുകളും ഉൾപ്പെടെയുള്ളവ പുറത്തേക്കു ഒഴുകി പോകുന്നതു മത്സ്യകർഷകരെ ആശങ്കയിലാക്കുന്നു.എക്കൽ നിറഞ്ഞതോടെ കഴിഞ്ഞ കുറെ വർഷങ്ങളായി പുഴയിൽ വേലിയേറ്റം ശക്തമാണ്. വർഷങ്ങളായി കെട്ടുകളുടെ ചിറകളുടെ ഉയരം വർധിപ്പിക്കാത്തതിനാൽ വെള്ളം കരകവിഞ്ഞ് ഒഴുകുന്നതും പ്രതിസന്ധി കൂട്ടുന്നു.
ഇത്തവണ ലക്ഷങ്ങൾ മുടക്കിയാണു ഞണ്ട്, കാര ചെമ്മീൻ,കരിമീൻ, തിലാപ്പിയ തുടങ്ങിയവ മത്സ്യകർഷകർ കെട്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. പ്രളയത്തെ തുടർന്നു പെരിയാറിൽ എക്കൽ നിറഞ്ഞതോടെയാണു പുഴയുടെ ആഴവും സ്വാഭാവിക ഒഴുക്കും ഇല്ലാതായത്. എക്കൽ നീക്കം ചെയ്തു പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ അധികൃതർക്കു പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
വേലിയേറ്റം ശക്തമാകുന്ന സമയങ്ങളിൽ കെട്ടുകളിലും സമീപത്തുള്ള വീടുകളിലും വെള്ളം കയറുന്നതു പതിവാണ്. മത്സ്യക്കൃഷി നിലനിർത്താൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നു കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു മത്സ്യകർഷകരുടെ സംഘടനയുടെ നേതൃത്വത്തിൽ പഞ്ചായത്തിലും ബന്ധപ്പെട്ട അധികൃതർക്കും പരാതികൾ നൽകിയിട്ടുണ്ട്.