വള്ളം നിറയെ ചാള; വില 25 രൂപയിൽ താഴെ: വിലകുറയാൻ കാരണം ഫിഷ്‌മീൽ കമ്പനികളെന്ന്
Mail This Article
എളങ്കുന്നപ്പുഴ∙ വള്ളം നിറയെ ചാള ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികൾ മനം നിറയാതെ മടങ്ങി. വൻതോതിൽ ഇടത്തരം ചാള എത്തിയതോടെ വില കിലോഗ്രാമിന് 25 രൂപയിൽ താഴെയായി. കഴിഞ്ഞ വർഷം 40 രൂപ ലഭിച്ചിരുന്നു. ഫിഷ്‌മീൽ നിർമിക്കാനാണ് ചാള വാങ്ങുന്നത്. ഫിഷ്‌മീൽ പ്രോഡക്ട് കമ്പനികൾ സംഘടിതരായി വില കുറയ്ക്കുന്നതാണ് കുത്തനെയുള്ള വിലയിടിച്ചിലിന് കാരണമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
ക്യാരിയർ വള്ളവും വലവള്ളവും നിറയെ മീൻ കിട്ടിയ ഇൻബോർഡ് വള്ളങ്ങൾക്ക് പരമാവധി കിട്ടിയത് 4 ലക്ഷം രൂപ വരെ മാത്രം. വൈപ്പിനിൽ നിന്നു കടലിൽ ഇറങ്ങിയ വള്ളങ്ങൾ ആലപ്പുഴയ്ക്കടുത്താണ് വലയിട്ടത്. ദീർഘദൂരം ഡീസൽ ചെലവാക്കിയുള്ള ഓട്ടം വള്ളങ്ങൾക്ക് വലിയ ചെലവ് വരുത്തുന്നുണ്ട്. ചാളയുടെ ശരാശരി ലഭ്യത കുറച്ചു കാലത്തേക്കുകൂടി തുടരുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരും.