ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിപ്പ് നീളും; പുതിയ തീയതി മൂന്നു മാസം വരെ വൈകും
Mail This Article
കാക്കനാട്∙ എറണാകുളം ആർടി ഓഫിസിൽ നിന്ന് ഡിസംബർ ഒന്നു മുതൽ ഡ്രൈവിങ് ടെസ്റ്റിന് അനുവദിച്ചിരുന്ന സ്ലോട്ടുകൾ റദ്ദാക്കുന്നതോടെ ഇവരിൽ പകുതി പേർക്ക് പുതിയ തീയതി ലഭിക്കാൻ 3 മാസം വരെ കാത്തിരിക്കേണ്ടി വരും. സ്ലോട്ട് റദ്ദാക്കപ്പെടുന്നവരിൽ കൂടുതലും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിനു തീയതി കിട്ടിയവരാണ്. ഇവർ ഓൺലൈനിൽ പുതുതായി തീയതിക്കു ശ്രമിക്കുമ്പോൾ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലേക്കു വരെ തീയതി നീണ്ടുപോകും. ഭാഗ്യമുള്ള കുറേപ്പേർക്ക് സമീപ തീയതികളും ലഭിക്കാനിടയുണ്ട്.
എണ്ണായിരത്തോളം പേർക്ക് നേരത്തേ അനുവദിച്ച തീയതിയാണ് റദ്ദാക്കപ്പെടുന്നത്. 3 മാസം മുൻപ് തീയതി എടുത്തവരാണ് ഇവരിൽ പലരും. വീണ്ടും ഡ്രൈവിങ് ടെസ്റ്റ് തീയതിക്ക് അപേക്ഷിക്കുമ്പോൾ ഇവർക്കു പുറമേ പുതിയ അപേക്ഷകരും രംഗത്തുണ്ടാകുമെന്നതാണ് തീയതി നീണ്ടു പോകുമെന്ന ആശങ്കയ്ക്കു കാരണം. നേരത്തേ 140 പേർക്കാണ് ദിവസവും തീയതി അനുവദിച്ചിരുന്നത്. ഇനി ദിവസവും 80 പേർക്കുമാത്രമാണ് ഡ്രൈവിങ് ടെസ്റ്റിനു തീയതി അനുവദിക്കുന്നത്. എണ്ണം കുറച്ചതും തീയതി നീളാൻ കാരണമാകും.
ലഭിച്ച തീയതി റദ്ദാക്കപ്പെട്ടവരും പുതുതായി ലേണേഴ്സ് ടെസ്റ്റ് പാസായവരും ഒരുമിച്ചു ഓൺലൈനിൽ പുതിയ തീയതിക്കായി പരതുമ്പോൾ പലരും മാസങ്ങൾക്കപ്പുറത്തേക്ക് പിന്തള്ളപ്പെടും. ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ മറ്റു ജോലികൾക്ക് നിയോഗിച്ചതോടെ ടെസ്റ്റുകളുടെ എണ്ണം കുറച്ചതാണ് കടുത്ത പ്രതിസന്ധി ഉണ്ടാകാൻ കാരണം. നേരത്തേ ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ 40 പേരുടെ ഡ്രൈവിങ് ടെസ്റ്റ് എന്ന കണക്കിൽ 3 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ചേർന്നാണ് 120 പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്. ഇവരിൽ ഒരാളെ പിൻവലിച്ചതോടെയാണ് ടെസ്റ്റുകളുടെ എണ്ണം 80 ആയി കുറച്ചത്.
കേരളം വിടുന്നവർക്ക് മുൻഗണന
ജോലിക്കും പഠനത്തിനും ഇതര ആവശ്യങ്ങൾക്കുമായി വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ താമസത്തിനു പോകുന്നവർക്ക് ഡ്രൈവിങ് ടെസ്റ്റിനു മുൻഗണന നൽകുമെന്ന് ആർടിഒ ടി.എം.ജേഴ്സൺ പറഞ്ഞു. കേരളം വിടുന്നതിനുള്ള തെളിവായി വ്യക്തമായ രേഖകൾ ഹാജരാക്കണം. ഡിസംബർ ഒന്നു മുതൽ അനുവദിച്ചിട്ടുള്ള മുഴുവൻ സ്ലോട്ടുകളും റദ്ദാക്കുന്നതിനാൽ ഓൺലൈനിൽ അത്രയും തീയതികൾ ഒഴിഞ്ഞു കിടപ്പുണ്ടാകും. ഇതാണ് കുറേപ്പേർക്ക് സമീപ തീയതികൾ തന്നെ ലഭിക്കുമെന്ന വിലയിരുത്തലിനു കാരണം. ശബരിമല ഡ്യൂട്ടി ഉൾപ്പെടെയുള്ള അധിക ജോലികൾ കഴിഞ്ഞു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ തിരിച്ചെത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.