ആലുവ മെട്രോ സ്റ്റേഷനിലും ഫീഡർ ഓട്ടോ സർവീസ്
Mail This Article
ആലുവ∙ കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡർ ഓട്ടോ സർവീസ് ആലുവ സ്റ്റേഷനിലും ആരംഭിച്ചു. സ്റ്റേഷന്റെ തെക്കുവശത്തു തൈനോത്ത് റോഡ് തുടങ്ങുന്ന ഭാഗത്തു മെട്രോ പാർക്കിങ് ഏരിയയ്ക്കു സമീപം പ്രത്യേക സ്ഥലം കണ്ടെത്തിയാണ് സ്റ്റാൻഡ്. മെട്രോ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലേക്കു കുറഞ്ഞ നിരക്കിൽ ഓടുകയാണ് ലക്ഷ്യം. ഓട്ടോകൾക്കു സർക്കാർ അംഗീകരിച്ച നിരക്കാണ് ഈടാക്കുക. ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കമ്യൂട്ടോ എന്ന പേരിൽ 75 ഓട്ടോറിക്ഷകളാണ് ഇറക്കിയത്.
കൊച്ചി സിറ്റിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇവ നേരത്തെ ഓടിത്തുടങ്ങി. ആലുവയിൽ ലോക്കൽ ഓട്ടോ തൊഴിലാളികളുമായി ഉണ്ടായ തർക്കമാണ് ഫീഡർ ഓട്ടോ വൈകാൻ ഇടയാക്കിയത്. ‘ലൈറ്റ് ബ്ലൂ’ ആണ് ഫീഡർ ഓട്ടോയുടെ നിറം. ഡ്രൈവർമാരുടെ യൂണിഫോമിനും ഇതേ നിറമാണ്. ഡ്രൈവർമാർക്ക് 10,000 രൂപ അടിസ്ഥാന ശമ്പളവും കലക്‌ഷന്റെ പകുതിയും ലഭിക്കും.
ഡിജിറ്റൽ പേയ്മെന്റ് സൗകര്യവും മീറ്റർ റീഡിങ്ങും ഉണ്ട്. താമസം, യൂണിഫോം, സൗകര്യപ്രദമായ ജോലി സമയം എന്നിവയും ഡ്രൈവർമാർക്കു ലഭിക്കും. ജിപിഎസും പണമടയ്ക്കാൻ ക്യുആർ കോഡ് സംവിധാനവുമുണ്ട്. ചാർജിങ് പോയിന്റുകളിൽ നിന്ന് ഓട്ടോറിക്ഷകൾക്ക് ചാർജ് ചെയ്യാം.