അമിത ഭാരവുമായി ലോറികൾ; പൈപ്പുകൾ തകരുന്നു: ഓണക്കൂർ പാണ്ടിയൻപാറ നെച്ചൂർ റോഡിൽ ദുരിതം
Mail This Article
പിറവം∙അമിത ഭാരവുമായി ടോറസ് ലോറികളുടെ യാത്ര മൂലം ഓണക്കൂർ പാണ്ടിയൻപാറ നെച്ചൂർ റോഡിനടിയിലൂടെ കടന്നു പോകുന്ന ശുദ്ധജല വിതരണ പൈപ്പുകൾ തകരുന്നു. കക്കാട് ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നു മേഖലയിലെ വിവിധ പഞ്ചായത്തുകളിലേക്കു ശുദ്ധജലം എത്തിക്കുന്ന പൈപ്പുകളാണ് ഇതു വഴി ഉള്ളത്. ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയ റോഡിലൂടെ ഭാരവാഹനങ്ങൾക്കു പൊതുമരാമത്തു വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ഇരട്ടിയിലധികം ഭാരവുമായി ലോറികൾ പായുന്നത്.
നാട്ടുകാർ എതിർപ്പ് ഉയർത്തുമ്പോൾ സർവീസ് നിലയ്ക്കുമെങ്കിലും വീണ്ടും കാര്യങ്ങൾ പഴയ പടിയാകും. തിങ്കൾ വൈകിട്ട് കക്കാടിനു സമീപം തൊടുവാക്കുഴി സംഭരണിയിലേക്കു ശുദ്ധജലം എത്തിക്കുന്ന പൈപ്പ് പൊട്ടി. കുത്തൊഴുക്കിന്റെ ശക്തിയിൽ റോഡിന്റെ പ്രതലം തകർന്നതോടെ ഇൗ ഭാഗം റിബൺ കെട്ടിത്തിരിച്ചു. റോഡിൽ പലയിടത്തും നേരത്തെയും പൈപ്പ് പൊട്ടിയിരുന്നു. അറ്റകുറ്റപ്പണിക്കു കുഴിക്കുന്ന ഭാഗം മണ്ണിട്ടു നികത്തുകയാണു പതിവ്. വാഹനങ്ങൾ കയറി ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ ഇൗ ഭാഗം കുഴിയായി മാറും.