കപ്പലിൽ ലോകം ചുറ്റി കലാപ്രകടനം‘അർക്ക കിന്നരി’ അടുത്ത വർഷം കൊച്ചിയിൽ
Mail This Article
കൊച്ചി∙ ‘അർക്ക കിന്നരി ഒരു കപ്പലാണ്, ഒരു യാത്രയാണ്, കലാപ്രകടനവും കലയിലെ പരീക്ഷണവുമാണ്. ശിഥിലമാകുന്ന ഈ ലോക വ്യവസ്ഥയെയും ജനങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ഒരു എളിയ ശ്രമം’–ഗ്രേ ഫിലസ്റ്റിൻ പറഞ്ഞു. 15 വർഷമായി അർക്ക കിന്നരി എന്ന കപ്പലിൽ ലോകം ചുറ്റി കപ്പലിനെത്തന്നെ വേദിയാക്കി കലാപ്രകടനങ്ങൾ നടത്തുന്ന വിഖ്യാത സംഗീതജ്ഞനും പെർഫോമിങ് ആർട്ടിസ്റ്റുമായ ഫിലസ്റ്റിൻ കൊച്ചിയിൽ ദർബാർ ഹാൾ കലാകേന്ദ്രത്തിലെ പരിപാടിയിൽ തന്റെ യാത്രകളെയും കലാജീവിതത്തെയുംകുറിച്ച് ആസ്വാദകരോടു സംവദിച്ചു. ഇതിനകം ഇരുപത്തഞ്ചോളം രാജ്യങ്ങൾ പിന്നിട്ട ലോക കലാസഞ്ചാരത്തിന്റെ ഭാഗമായി അടുത്ത വർഷം അവസാനം ‘അർക്ക കിന്നരി’യിൽ ഫിലസ്റ്റിനും സംഘവും കൊച്ചിയിലെത്തും.
അതിനു മുന്നോടിയായുള്ള ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായാണ് ഇപ്പോൾ കൊച്ചിയിലെത്തിയത്. 70 ടൺ ഭാരവും 24 മീറ്റർ നീളവുമുള്ള കപ്പൽ ഒഴുകുന്ന സ്റ്റേജാണ്. അടുത്ത വർഷം ഡിസംബറിൽ കൊച്ചി–മുസിരിസ് ബിനാലെ നടക്കുമ്പോഴാകും അർക്ക കിന്നരിയുടെ കൊച്ചി സന്ദർശനം. അതിൽ പതിനഞ്ചോളം കേരളീയ കലാകാരന്മാരും പങ്കാളികളാകുമെന്നു ഫിലസ്റ്റിൻ പറയുന്നു. മുൻപു രാജസ്ഥാൻ, വരാണസി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഇന്ത്യൻ വാദ്യോപകരണങ്ങൾ അഭ്യസിച്ചിട്ടുണ്ട് ഈ സംഗീതജ്ഞൻ.