ആന എഴുന്നള്ളിപ്പ്: ഇളവ് അനുവദിക്കില്ല എന്നു ഹൈക്കോടതി
Mail This Article
കൊച്ചി ∙ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിക്കുമ്പോൾ ആനകൾ തമ്മിൽ രണ്ടു മീറ്റർ അകലം വേണമെന്നതിൽ ഇളവ് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദേശങ്ങളും ചട്ടങ്ങളും അനുസരിച്ചാണു മാർഗനിർദേശങ്ങൾ നൽകിയതെന്നും അവ പാലിക്കണമെന്നും ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ നാളെ ആരംഭിക്കുന്ന ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതിൽ ഇളവു തേടി ദേവസ്വം നൽകിയ ഉപഹർജിയാണു പരിഗണിച്ചത്. രണ്ട് ആനകൾ തമ്മിൽ കുറഞ്ഞത് 3 മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
ആനകൾക്കു ദൂരപരിധി നിശ്ചയിച്ചത് ഏകപക്ഷീയമായും അശാസ്ത്രീയവുമാണെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നുമായിരുന്നു ഉപഹർജിയിലെ ആവശ്യം. എന്നാൽ അകലം കുറയ്ക്കുന്നതു സംബന്ധിച്ചു ശാസ്ത്രീയമായ വസ്തുതകൾ വ്യക്തമാക്കുന്ന രേഖകൾ വേണമെന്നു നിർദേശിച്ച ഡിവിഷൻ ബെഞ്ച് വിഷയം ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റി. രാജഭരണ കാലം മുതലുള്ളതാണ് ആചാരമാണെന്ന വാദവും കോടതി തള്ളി. ഇപ്പോൾ രാജഭരണമല്ല, നിയമവാഴ്ചയാണെന്നു കോടതി പറഞ്ഞു.