ADVERTISEMENT

കുറുപ്പംപടി ∙ ജില്ലാ സ്കൂൾ കലോത്സവം ആഘോഷമാക്കി കുറുപ്പംപടി. പണിയനൃത്തം, ഇരുളനൃത്തം, തിരുവാതിരക്കളി, കോൽക്കളി, വട്ടപ്പാട്ട് എന്നിങ്ങനെ നൃത്തപ്പൊലിമയിലായിരുന്നു കലോത്സവത്തിന്റെ മൂന്നാം ദിനം. 3–ാം ദിവസത്തിനൊടുവിൽ ആലുവയും എറണാകുളവും തമ്മിലുള്ള കിരീട മത്സരം മുറുകി. ഇരു ഉപജില്ലകൾക്കും 602 പോയിന്റ് വീതമുണ്ട്. പെരുമ്പാവൂർ 569 പോയിന്റോടെ മൂന്നാം സ്ഥാനത്തു തുടരുന്നു. സ്‌കൂൾ കിരീടത്തിലേക്ക് ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് (209) കാര്യമായ വെല്ലുവിളിയില്ലാതെ മുന്നേറുകയാണ്. എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട് (163), എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം എച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത് (157). 

അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 45 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ പെരുമ്പാവൂർ മുന്നിലെത്തി (70). സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവ ഉപജില്ലയാണു മുൻപിൽ (68). യുപി വിഭാഗത്തിൽ 65 പോയിന്റുമായി എറണാകുളം, പറവൂർ, പെരുമ്പാവൂർ ഉപജില്ലകൾ ഒന്നാം സ്ഥാനത്തുണ്ട്.  സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇന്നു സമാപിക്കും. സംഘനൃത്തം, നാടോടിനൃത്തം, ചവിട്ടുനാടകം മത്സരങ്ങളാണു 4–ാം ദിവസത്തിലെ പ്രധാന ആകർഷണം. കലാമേള നാളെ സമാപിക്കും.

പൂരക്കളി (എച്ച്എസ്) സെന്റ് ജോസഫ് എച്ച്എസ്, ആരക്കുഴ
പൂരക്കളി (എച്ച്എസ്) സെന്റ് ജോസഫ് എച്ച്എസ്, ആരക്കുഴ

പുതുകാഴ്ചയായി  പണിയനൃത്തം 
കലോത്സവ വേദിയിലെ പുതുകാഴ്ചയായ പണിയനൃത്തം അരങ്ങേറിയതു നിറഞ്ഞ സദസ്സിൽ. കമ്പളനാട്ടി, വട്ടക്കളി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണു പണിയനൃത്താവതരണം. വയലിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ജോലിയുടെ ആയാസം കുറയ്ക്കാൻ വാദ്യങ്ങളുമായി പുരുഷന്മാർ താളത്തിൽ പാട്ടു പാടുന്നതാണു കമ്പളനാട്ടി. ആഘോഷ വേളകളിൽ തുടികൊട്ടി പുരുഷന്മാർ പാടുകയും സ്ത്രീകൾ ആടുകയും ചെയ്യുന്നതാണു വട്ടക്കളി. ഇതെല്ലാം ഒരുമിപ്പിച്ചാണു കലോത്സവ വേദിയിലെ അവതരണം. ചേലചുറ്റി മേൽക്കെട്ടുകെട്ടി, കൈകളിൽ ഞാറുമായാണു നർത്തകരെത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 8 ടീമുകൾ മത്സരിച്ചപ്പോൾ എടവനക്കാട് എസ്ഡിപിവൈ കെപിഎം എച്ച്എസ് സംസ്ഥാനതല യോഗ്യത നേടി. എച്ച്എസ്എസ് വിഭാഗത്തിൽ 4 ടീമുകളാണു മത്സരിച്ചത്. പറവൂർ പുല്ലംകുളം എസ്എൻ എച്ച്എസ്എസാണ് സംസ്ഥാന കലോത്സവം നടക്കുന്ന തിരുവനന്തപുരത്തേക്കു പോകുന്നത്.

അപ്പീലേ, വക്കീലേ ചതിച്ചില്ലേ...
ജില്ലാ കലോത്സവത്തിൽ അപ്പീൽ നൽകാനുള്ള തുക കൂട്ടിയതു സാധാരണക്കാരായ മത്സരാർഥികളെ വലയ്ക്കുന്നതായി ആക്ഷേപം. ഉപജില്ലാ തലത്തിൽ 1000 രൂപ എന്നതു 2000 രൂപയാക്കിയിരുന്നു. ജില്ലാതലത്തിൽ 2000 രൂപ 5000 ആയാണ് വർധിപ്പിച്ചത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതു 2500ൽ നിന്നു 10,000 രൂപയാക്കി. കലോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾ ആകെ 32 അപ്പീലുകളാണു നൽകിയിട്ടുള്ളത്. അപ്പീൽ നൽകാനുള്ള തുക കൂട്ടിയതിനു ശേഷമുള്ള ആദ്യ ജില്ലാ കലോത്സവമാണ് ഇൗ വർഷത്തേത്. ഫീസ് വർധിപ്പിച്ചതുമൂലം, അപ്പീലുകളുടെ എണ്ണത്തിലും കുറവുണ്ടെന്നാണു വാദം.

സഹലിന്റെ വിജയം,  ഷമീറിന്റെ  നേട്ടം
കുറുപ്പംപടി ∙ എച്ച്എസ്എസ് വിഭാഗം ഭരതനാട്യം മത്സരഫലം പ്രഖ്യാപിച്ചപ്പോൾ മട്ടാഞ്ചേരി സ്വദേശി എസ്.ഷമീറിന്റെ കണ്ണുകൾ നിറഞ്ഞു. മകൻ പി.എസ്. മുഹമ്മദ് സഹൽ വിജയി ആയതിന്റെ സന്തോഷമായിരുന്നു. എറണാകുളം മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയാണ് ഷമീർ. പുതിയ ഉടയാടകൾ വാങ്ങാൻ പണമില്ലാത്തതിനാൽ 4 വർഷമായി ഒരേ വസ്ത്രമാണ് ഉപയോഗിക്കുന്നതെന്നു ഷമീർ പറയുന്നു. തേവര എസ്എച്ച് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണു മുഹമ്മദ് സഹൽ. കഴിഞ്ഞ 6 വർഷമായി കലോത്സവ വിജയിയാണ്. സഹലിന്റെ സഹോദരി സഹല നർഗീസും കലോത്സവ വേദിയിലെ താരമായിരുന്നു.

ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിലെ വിധിനിർണയത്തെച്ചൊല്ലി ഇന്നലെ രാത്രി കുറുപ്പംപടി എംജിഎം സ്കൂളിലെ പ്രോഗ്രാം കമ്മിറ്റി ഓഫിസിനു മുന്നിലുണ്ടായ പ്രതിഷേധം
ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിലെ വിധിനിർണയത്തെച്ചൊല്ലി ഇന്നലെ രാത്രി കുറുപ്പംപടി എംജിഎം സ്കൂളിലെ പ്രോഗ്രാം കമ്മിറ്റി ഓഫിസിനു മുന്നിലുണ്ടായ പ്രതിഷേധം

കലോത്സവ വേദിയിൽ  സംഘർഷാവസ്ഥ
കുറുപ്പംപടി ∙ കലോത്സവ വേദിയിൽ ഇന്നലെ രാത്രി പ്രതിഷേധം കനത്ത് സംഘർഷാവസ്ഥയിലെത്തി. എംജിഎം സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിന്റെ തുടക്കത്തിൽ വിധികർത്താവിനെ മാറ്റണമെന്നും വേണ്ടെന്നുമുള്ള ഇരുവിഭാഗത്തിന്റെ തർക്കത്തെത്തുടർന്നു ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരം വൈകിയിരുന്നു. ഈ മത്സരത്തിന്റെ വിധി വന്നപ്പോൾ പോയിന്റ് നിലയിൽ വലിയ അന്തരമുണ്ടെന്നും വിധിനിർണയത്തിൽ അപാകയു0ണ്ടെന്നും ആരോപിച്ച് ഒരു മത്സരാർഥിയുടെ കൂടെയുള്ളവർ ചേർന്നു വിധിനിർണയത്തെ ചോദ്യം ചെയ്തു. പൊലീസും സംഘാടകരും ചേർന്നു പ്രശ്നം പരിഹാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടു. 

ഇതിനിടെ, പ്രധാന വേദിയായ എംജിഎം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ് മൂകാഭിനയത്തിന്റെ ഫലം പ്രഖ്യാപിച്ചതോടെ വിധിനിർണയ സമിതിയിലെ ഒരാൾക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായി. ഈയിനത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന്റെ പരിശീലകന്റെ സംഘത്തിലുള്ള വ്യക്തി, വിധിനിർണയ സമിതിയിലുണ്ടെന്നും അദ്ദേഹത്തെ മാറ്റണമെന്നും ചൂണ്ടിക്കാട്ടി മറ്റൊരു സ്കൂൾ പരാതി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു സംഘം വിദ്യാർഥികളും പ്രതിഷേധിച്ച് എത്തിയതോടെ സംഘർഷമായി. പൊലീസും സംഘാടകരും ഏറെ ശ്രമിച്ചാണു സംഘർഷം ഒഴിവാക്കിയത്. 

ഉറുദു രചനകളിൽ അക്രമുൽ  അൻസാരി
കുറുപ്പംപടി ∙ ബിഹാറിൽ നിന്നു കേരളത്തിലെത്തി സ്കൂൾ കലോത്സവത്തിലെ ഉറുദു കഥാരചനയിലും കവിതാ രചനയിലും നേട്ടത്തോടെ മടങ്ങുകയാണ് അക്രമുൽ അൻസാരി. പെരുമ്പാവൂർ ആശ്രം ഹയർ സെക്കൻഡറി സ്കൂൾ 9–ാം ക്ലാസ് വിദ്യാർഥിയായ അക്രമുൽ അൻസാരി എച്ച്എസ് വിഭാഗം മത്സരങ്ങളിലാണു സംസ്ഥാനതലത്തിലേക്കു യോഗ്യത നേടിയത്.  കഥയിൽ ‘കർഷക ദുരിത’വും കവിതയിൽ ‘വിശ്വാസ’വുമായിരുന്നു വിഷയം. ഓടക്കാലിയിലെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് ആശ്രമം സ്കൂളിലെ പഠനം. കേരളത്തിൽ വന്നിട്ടു 2 വർഷമായി. ഇതിനിടെ മലയാളവും പഠിച്ചെടുത്തു.

നൃത്തവേദിയിൽ  വിജയ സങ്കീർത്തനം
കുറുപ്പംപടി ∙ നൃത്തവേദിയിൽ നിന്നു നേട്ടത്തോടെ സഹോദരിമാർ. യുപി വിഭാഗം ഭരതനാട്യത്തിൽ എസ്.എം. സങ്കീർത്തനയ്ക്കും എച്ച്എസ് വിഭാഗം കുച്ചിപ്പുടിയിൽ എസ്.എം. ഹരിചന്ദനയ്ക്കും ഒന്നാം സ്ഥാനം. എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസിലെ 6-ാം ക്ലാസ് വിദ്യാർഥിനിയാണു സങ്കീർത്തന.  സഹോദരി ഇതേ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയും. ഹരിചന്ദന തുടർച്ചയായി രണ്ടു വർഷം കുച്ചിപ്പുടിയിലും കേരളനടനത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കേരളനടനം, ഭരതനാട്യം എന്നിവയിലും ഹരിചന്ദന മത്സരിക്കുന്നുണ്ട്. സങ്കീർത്തന നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്.

ഹൈസ്‌കൂൾ വിഭാഗം തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ്എസിലെ ടീമംഗം  പവിത്ര പ്രദീപ്  പ്ലാസ്റ്ററിട്ട കയ്യോടെ മത്സരിക്കുന്നു.
ഹൈസ്‌കൂൾ വിഭാഗം തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ്എസിലെ ടീമംഗം പവിത്ര പ്രദീപ് പ്ലാസ്റ്ററിട്ട കയ്യോടെ മത്സരിക്കുന്നു.

കൈവിരൽ പൊട്ടി, എന്നിട്ടും  കൈകൊട്ടി നേടി
കുറുപ്പംപടി ∙ കയ്യടിച്ചും കൈകൊട്ടിയും കളിക്കേണ്ട തിരുവാതിരക്കളി സംഘത്തിൽ ഒരാളുടെ കൈവിരലിനു പൊട്ടലേറ്റാൽ മത്സരഫലം എന്തുമാകാം. എന്നാൽ, നിശ്ചയദാർഢ്യത്തോടെ സംഘം കളിച്ചു നേടിയതു സംസ്ഥാന കലോത്സവത്തിലേക്കുള്ള സ്ഥാനക്കയറ്റമാണ്. എച്ച്എസ് വിഭാഗം തിരുവാതിരക്കളിയിൽ കോതമംഗലം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് ടീം അംഗമായ പവിത്ര പ്രദീപിന്റെ ചെറുവിരൽ പൊട്ടിയതു വീണപ്പോഴാണ്.  ഉപജില്ലാ കലോത്സവത്തിനു മുൻപുണ്ടായ അപകടത്തിലാണു വിരലിലെ അസ്ഥിയിൽ പൊട്ടലുണ്ടായത്. ആ വിരലുമായി ഉപജില്ലാ തലത്തിൽ മത്സരിച്ചെങ്കിലും ജില്ലയിൽ മത്സരിക്കാൻ പറ്റുമോയെന്ന ആശങ്കയിലായിരുന്നു. അതെല്ലാം അസ്ഥാനത്താക്കിയാണ് ഒന്നാം സ്ഥാനം ഒന്നിച്ചുനിന്നു നേടിയത്.

മലയാള മനോരമ– പിട്ടാപ്പിള്ളിൽ സ്റ്റാളിലെ തിരക്ക്.
മലയാള മനോരമ– പിട്ടാപ്പിള്ളിൽ സ്റ്റാളിലെ തിരക്ക്.

മനോരമ– പിട്ടാപ്പിള്ളിൽ സ്റ്റാളിൽതിരക്കിന്റെ ഉത്സവം
കുറുപ്പംപടി ∙ മലയാള മനോരമയും പിട്ടാപ്പിള്ളിൽ ഏജൻസീസും ചേർന്നു കലോത്സവ വേദിയിൽ ഒരുക്കിയ സ്‌റ്റാളിൽ വിവിധ മത്സരങ്ങളും അതിനുള്ള സമ്മാനങ്ങളുമായി തിരക്കേറി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ആവേശത്തോടെയാണു മത്സരങ്ങളിൽ പങ്കെടുക്കുന്നത്.  ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് ഒട്ടേറെപ്പേരാണു സമ്മാനാർഹരാകുന്നത്. പിട്ടാപ്പിള്ളിൽ നൽകുന്ന വിവിധ ഗൃഹോപകരണങ്ങൾ  കൂടാതെ മനോരമ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരി, 2025 ലെ ഡയറി മുതലായവയാണു വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ. ഇന്നത്തെ വിജയികൾക്കുള്ള സമ്മാനങ്ങൾ  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ  നൽകി. അടിക്കുറിപ്പ്, ഇതു നിങ്ങളാണോ, ഓരോ മണിക്കൂർ ഇട വിട്ടുള്ള ക്വിസ് തുടങ്ങിയ മത്സരങ്ങളാണു നടക്കുന്നത്   കലോത്സവത്തിന്റെ മുഖ്യവേദിയുള്ള എംജിഎം സ്കൂളിലെ മീഡിയ റൂമിനു സമീപത്താണു സ്റ്റാൾ. ചോദ്യങ്ങൾക്കു ശരിയുത്തരം നൽകിയും ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയും ഇവിടെനിന്നു സമ്മാനങ്ങൾ നേടാം. കലോത്സവത്തിന്റെ അവസാന ദിനം നടത്തുന്ന ബംപർ നറുക്കെടുപ്പിൽ പിട്ടാപ്പിള്ളിൽ ഏജൻസീസ് 500 വാട്സ് മിക്സി ബംപർ സമ്മാനമായി നൽകും.

English Summary:

The Kuruppampady District School Arts Festival captivated audiences with stunning performances of traditional dance forms like Paniyan Nrityam, Irulan Nrityam, and Thiruvathira Kali. The competition for the overall championship intensified, with Aluva and Ernakulam tied at the top.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com