ഹാർബർ പാലം നവീകരണം ഇഴഞ്ഞുതന്നെ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം
Mail This Article
തോപ്പുംപടി∙ ഹാർബർ പാലത്തിലെ നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുന്നു. പാലം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ന് തുറന്ന് കൊടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇനിയും ഒരാഴ്ച കൂടി എടുക്കുമെന്നാണ് സൂചന. ഇന്നലെ ടാറിങ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വൈകിട്ടു വരെ ആരംഭിച്ചിട്ടില്ല. പാലത്തിന്റെ മേൽത്തട്ടിലെ പൊടി കഴുകി വൃത്തിയാക്കുന്ന ജോലിയാണ് ഇന്നലെ നടന്നത്. പാലം അടച്ചതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനം വലയുകയാണ്.
ബിഒടി പാലം മുതൽ തോപ്പുംപടി ജംക്‌ഷൻ വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് ഇന്നലെ രാവിലെ അനുഭവപ്പെട്ടത്. ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വലഞ്ഞു. ബിഒടി പാലത്തിൽ സൈക്കിൾ ട്രാക്കിലൂടെ കടന്ന് പോകാതിരിക്കാൻ വച്ചിരുന്ന തടസ്സം മാറ്റിയതോടെ ഇരുചക്ര വാഹന യാത്രക്കാർക്ക് അതു വഴി പോകാനായി. പാലത്തിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കി പശ്ചിമകൊച്ചി നിവാസികളുടെ സുഗമമായ സഞ്ചാരത്തിന് സൗകര്യം ഒരുക്കിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് പ്രസിഡന്റ് പി.പി.ജേക്കബ് പറഞ്ഞു.