പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലം ഇപ്പോൾ ‘വഞ്ചിത പാലം’
Mail This Article
വൈപ്പിൻ∙ പാലം നിശ്ചിത സമയത്തിനകം നിർമിച്ചു നൽകാമെന്ന അധികൃതരുടെ വാഗ്ദാനം പാഴായപ്പോൾ പാലത്തിന്റെ വിളിപ്പേരു മാറ്റി നാട്ടുകാർ. പാതിവഴിയിൽ നിർമാണം നിലച്ച പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലമാണ് ഇപ്പോൾ നാട്ടുകാർക്കിടയിൽ ‘വഞ്ചിത പാലം’ ആയി അറിയപ്പെടുന്നത്.പാലത്തിന്റെ കാര്യത്തിൽ നാട്ടുകാർ വഞ്ചിക്കപ്പെട്ടതിനെ സൂചിപ്പിച്ച് ചിലർ നടത്തിയ പ്രയോഗമായിരുന്നുവെങ്കിലും ഇപ്പോൾ പാലത്തിന് ആ പേര് പതിഞ്ഞ മട്ടാണ്. നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധമുള്ള നാട്ടുകാരും പാലത്തിനെ പരാമർശിക്കാൻ പുതിയ പേരാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
അടുത്തിടെ കേന്ദ്രമന്ത്രി മുനമ്പത്ത് നടത്തിയ സന്ദർശനം റിപ്പോർട്ട് ചെയ്ത ചില ദൃശ്യമാധ്യമങ്ങളും ഉപയോഗിച്ചതോടെ പുതിയ പേര് ഒന്നുകൂടി ഉറച്ചു.അതേസമയം പേരുമാറ്റമടക്കമുള്ള പ്രതിഷേധങ്ങൾക്കു ശേഷവും പാലം പണി എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വർഷങ്ങൾക്കു മുൻപ് സമീപവാസികളായ വീട്ടമ്മമാർ ഈ പാലത്തിനു വേണ്ടി കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് നടത്തിയ സമരം സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നടത്തിയ പലതരത്തിലുള്ള സമരങ്ങൾക്ക് ശേഷമാണ് ഒടുവിൽ പാലം നിർമാണത്തിന് വഴി തെളിഞ്ഞത്.
എന്നാൽ മുക്കാൽ ഭാഗത്തോളം ജോലികൾ പൂർത്തിയായതിനു ശേഷം കാര്യങ്ങൾ സ്തംഭനത്തിലായി. നിർമാണം നടത്തിയ വകയിൽ കിട്ടാനുള്ള തുക പരിധിയിലധികം വർധിച്ചതിനെ തുടർന്ന് കരാറുകാരൻ ജോലി അവസാനിപ്പിച്ച് പോകുകയായിരുന്നു. വൈകാതെ നിർമാണ ഉപകരണങ്ങളും മറ്റു സാമഗ്രികളുമെല്ലാം സ്ഥലത്തു നിന്ന് മാറ്റി. ഇതിനു ശേഷവും ജോലികൾ പുനരാരംഭിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഒന്നും ഉണ്ടായിട്ടില്ല. പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന സമരസമിതി നിർജീവമായതോടെ പാലം നോക്കുകുത്തിയായി.