റോബട്ടിക് ഫയർ ഫൈറ്റർ: ഫ്രഞ്ച് നിർമിതം, വില 2 കോടി; തൊട്ടടുത്തെത്തി ദൃശ്യങ്ങൾ പകർത്താം, മറ്റു സവിശേഷതകൾ...
Mail This Article
കൊച്ചി ∙ ഗാന്ധിനഗർ ജില്ല അഗ്നിരക്ഷാ നിലയത്തിൽ ഇനി തീയണയ്ക്കാൻ റോബട്ടിക് ഫയർ ഫൈറ്ററും. റോബട്ടിക് ഫയർ ഫൈറ്ററിന്റെ അവതരണം ഇന്നലെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ നടന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾക്കു കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ റോബട്ടിക് ഫയർ ഫൈറ്ററെ ഉപയോഗിക്കാമെന്നു ജില്ല ഫയർ ഓഫിസർ കെ. ഹരികുമാർ പറഞ്ഞു.
ഫ്രാൻസിൽ നിർമിച്ച റോബട്ടിക് ഫയർ ഫൈറ്ററിന് 2 കോടി രൂപയാണു വില. 600 ഡിഗ്രി ചൂട് വരെ താങ്ങാനാകും. ഗോഡൗണുകൾ പോലെ ആളുകൾക്കു കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ തീപിടിത്തങ്ങൾ കൈകാര്യം ചെയ്യാൻ റോബട്ടിനെ നിയോഗിക്കാനാകും. ഒരു മിനിറ്റിൽ 2000 ലീറ്റർ എന്ന കണക്കിൽ 150 മീറ്റർ വരെ ശക്തമായി വെള്ളം ചീറ്റും.
റോബട്ടിന്റെ മുന്നിൽ ഘടിപ്പിച്ച തെർമൽ ക്യാമറയിലൂടെ അകത്തെ ദൃശ്യങ്ങൾ കാണാം. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണു നിയന്ത്രണം. ബാറ്ററി ചാർജ് ചെയ്ത് തുടർച്ചയായി 5 മണിക്കൂർ പ്രവർത്തിപ്പിക്കാം. എൽപിജി, പെട്രോൾ, രാസവസ്തുക്കൾ തുടങ്ങിയവ മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. തീയുടെ തൊട്ടടുത്തെത്തി ദൃശ്യങ്ങൾ പകർത്താനാകും.