‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതി: റജിസ്റ്റർ ചെയ്തത് 1,590 കേസുകൾ
Mail This Article
ആലുവ∙ ലഹരിമരുന്നിന് എതിരായ പോരാട്ടവും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കി റൂറൽ ജില്ലാ പൊലീസ്. എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയിൽ ഇക്കൊല്ലം റജിസ്റ്റർ ചെയ്തത് 1,590 കേസുകൾ. ഇതുമായി ബന്ധപ്പെട്ട് 1,745 പേരെ അറസ്റ്റ് ചെയ്തു. 10 മാസത്തിനുള്ളിൽ പിടികൂടിയത് 243 കിലോഗ്രാം കഞ്ചാവ്. ഇതിൽ 100 കിലോഗ്രാം തടിയിട്ടപറമ്പ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ലഭിച്ചത്. കേസിൽ 11 പേർ അറസ്റ്റിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു രണ്ടര കിലോഗ്രാം രാസലഹരിയും പിടികൂടി.
വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ചു ട്രെയിനിൽ കൊണ്ടുവന്ന ഒരു കിലോഗ്രാം രാസലഹരിയുമായി ഡൽഹി സ്വദേശിനിയെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിന് 50 ലക്ഷം രൂപ വിലവരും. ബെംഗളൂരുവിൽ നിന്നു കാറിൽ കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ രാസലഹരിയും പിടികൂടിയിരുന്നു. പുരയിടങ്ങളിൽ വളർത്തിയിരുന്ന 13 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ലഹരിമരുന്നു കേസുകൾ പിടികൂടുന്നതിനൊപ്പം ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടികളും പൊലീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം, സൈക്കിൾ റാലി, മാരത്തൺ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.