ബഗ്ഗി മോട്ടർ വാഹനത്തിന്റെ ചെറുരൂപം ഒരുക്കി പ്ലസ്ടു വിദ്യാർഥി
Mail This Article
പറവൂർ ∙ റേസിങിന് ഉപയോഗിക്കുന്ന മോൺസ്റ്റർ ബഗ്ഗി മോട്ടർ വാഹനത്തിന്റെ ചെറുരൂപം ഒരുക്കി പ്ലസ്ടു വിദ്യാർഥി സൗരവ് കെ.സുനിൽ. ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ദിശ ഹയർ സ്റ്റഡി എക്സ്പോയിൽ ഈ വാഹനം പ്രദർശിപ്പിച്ചു. ഈ വിദ്യാലയത്തിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ സൗരവ് പെരുമ്പടന്ന കണ്ണാത്തുശേരി സുനിൽകുമാറിന്റെയും ആശയുടെയും മകനാണ്. മാരുതി ഓൾട്ടോ കാറിന്റെ എൻജിനും ഷാസിയുമാണ് വാഹന നിർമാണത്തിന് ഉപയോഗിച്ചത്. 2 പേർക്ക് കയറി സഞ്ചരിക്കാൻ കഴിയും വിധമാണ് നിർമാണം.
30 കിലോമീറ്റർ മൈലേജ് കിട്ടുന്ന വാഹനത്തിന്റെ നിർമാണത്തിന് 45,000 രൂപയോളം ചെലവായി. കുട്ടിക്കാലത്തു തന്നെ വാഹനങ്ങളോടു താൽപര്യമുള്ള സൗരവ് ഓടിക്കാവുന്ന ഒരു ജീപ്പിന്റെയും ബൈക്കിന്റെയും ചെറിയ പതിപ്പും നിർമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ സർവീസ് സെന്റർ നടത്തുന്ന അച്ഛൻ സുനിൽകുമാറും അമ്മാവൻ ബാലചന്ദ്രനും വാഹന നിർമാണത്തിനു സഹായവുമായി ഒപ്പമുണ്ട്.