കുറുക്കൻ ശല്യം: പൊറുതിമുട്ടി ചിറയത്തെ 46 കുടുംബങ്ങൾ, രാത്രി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ
Mail This Article
ആലങ്ങാട് ∙ കുറുക്കന്റെ ശല്യം മൂലം ചിറയം കണ്ണാലിതെറ്റ് റോഡരികിലുള്ള 46 കുടുംബങ്ങൾക്കു രാത്രി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. പുറത്തിറങ്ങിയാൽ കുറുക്കന്മാർ കൂട്ടമായെത്തി ആക്രമിക്കുന്നതു പതിവാകുന്നു. ശനിയാഴ്ച രാത്രി കണ്ണാലിതെറ്റ് ഭാഗത്തെ പുഴയോടു ചേർന്നുള്ള വീട്ടിലെ ഒരാൾക്കു കടിയേറ്റിരുന്നു. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സ തേടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ രണ്ടാമത്തെ ആക്രമണമാണിത്.
ആലങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പ്രദേശമാണിത്. സന്ധ്യമയങ്ങിയാൽ ഈ ഭാഗത്തെ റോഡിലൂടെ നാട്ടുകാർക്കു സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. രാത്രി സമയത്തു വീടുകളുടെ ചുറ്റും കുറുക്കൻമാർ കൂട്ടമായെത്തുന്നുണ്ട്. പല വീടുകളിൽ നിന്നു കോഴികളെ കൊന്നു തിന്നുകയും വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. കുറുക്കന്റെ ആക്രമണം വർധിച്ചതോടെ നാട്ടുകാർ കൂടുതൽ ആശങ്കയിലാണ്.
സമീപത്തായി കുറെ പൊന്തക്കാടുകളും പുഴയും ഉള്ളതാണ് ഇവ ഇവിടം വിട്ടു പോകാത്തതെന്നു നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ കുറുക്കന്മാരുടെ ശല്യം കൂടിവരുന്ന സാഹചര്യത്തിൽ നാട്ടുകാർ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, കൂടു കൊണ്ടുവന്നു വച്ച് ഇത്രയധികം കുറുക്കന്മാരെ പിടികൂടാൻ സാധിക്കില്ലെന്ന നിലപാടാണു വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്. തൊട്ടടുത്ത പ്രദേശങ്ങളായ മാഞ്ഞാലി, തത്തപ്പിള്ളി, തടിക്കക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും ശല്യമുണ്ട്. ചിറയം ഭാഗത്തു വൻതോതിൽ ഉണ്ടെന്നാണു പ്രദേശവാസികൾ പറയുന്നത്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ടു പ്രശ്നത്തിനു പരിഹാരം കാണണമെന്നു കുടുംബങ്ങൾ ആവശ്യപ്പെട്ടു.