വൃശ്ചികോത്സവത്തിന്റെ തൃക്കേട്ട പുറപ്പാട് ഇന്ന്
Mail This Article
തൃപ്പൂണിത്തുറ ∙ വൃശ്ചികോത്സവത്തിന്റെ തൃക്കേട്ട പുറപ്പാടിന് ശ്രീപൂർണത്രയീശൻ ഇന്ന് സ്വർണക്കോലത്തിൽ എഴുന്നള്ളും. വൃശ്ചികോത്സവ നാളിൽ വില്വമംഗലം സ്വാമിയാർക്കു ഭഗവാൻ ദർശനം നൽകിയതിന്റെ ഐതിഹ്യത്തിൽ അരങ്ങേറുന്ന വിളക്കെഴുന്നള്ളിപ്പിനു മുന്നിൽ സ്വർണക്കുടത്തിൽ കാണിക്കയിട്ട് പ്രാർഥിക്കാൻ ജനസഹസ്രങ്ങൾ എത്തിച്ചേരും.
ഇന്നു മുതൽ ഭഗവാന്റെ കോലം വഹിക്കുന്ന ഗജരാജന് ചമയങ്ങൾ സ്വർണം കൊണ്ടുള്ളതാണ്. രാത്രി 8 മണി മുതൽ 11.30 വരെ കാണിക്കയിടാൻ സൗകര്യമുണ്ടാകും. ക്ഷേത്രാങ്കണത്തിൽ തിരിക്കുന്ന പ്രത്യേക ബാരിക്കേഡിനടിയിലൂടെ ആയിരിക്കും കാണിക്ക സമർപ്പണത്തിനായി ജനങ്ങളെ നിയന്ത്രിക്കുക. വിളക്കെഴുന്നള്ളിപ്പിന് മുന്നിൽ മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപറ്റ്, പഞ്ചാരിമേളം, പരിഷവാദം എന്നിവ അരങ്ങേറും.
ഇന്നലെ രാവിലെ ശീവേലി, തുടർന്ന് തിരുവല്ല രാധാകൃഷ്ണ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം നടന്നു. മഴ പെയ്തെങ്കിലും മേളാസ്വാദകരുടെ ആവേശം കെടുത്താൻ കഴിഞ്ഞില്ല. തിരുവല്ല രാധാകൃഷ്ണ മാരാർ പഞ്ചാരിയിൽ വിസ്മയം തീർക്കുകയായിരുന്നു. തുടർന്നു രഞ്ജിത്ത് തൃപ്പൂണിത്തുറയുടെ സന്താനഗോപാലം, കലാമണ്ഡലം മഹേന്ദ്രന്റെ നളചരിതം, ജർമൻ സ്വദേശി ഹരിയാനു ഹർഷിതയുടെ കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ നടന്നു.
തുടർന്നു ഉത്സവബലി, ഡോ. പത്മ എസ്. വർമയുടെ ചതുർവീണ, ചക്കംകുളങ്ങര ഭജന സമിതിയുടെ ഭജന, കൃഷ്ണ അജിത്ത് കുമാറിന്റെ സംഗീതക്കച്ചേരി, നാഗസ്വരം കലാമണ്ഡലം ബലരാമൻ, കലാനിലയം ഉദയൻ നമ്പൂതിരി എന്നിവരുടെ ഡബിൾ തായമ്പക, ചാക്യാർക്കൂത്ത്, വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവ നടന്നു. രാത്രി എസ്. ശ്രീവത്സന്റെ സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു. ഇടപ്പള്ളി അജിത്ത് കുമാർ (വയലിൻ), തിരുവനന്തപുരം വി. ബാലാജി (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവരായിരുന്നു പക്കമേളം. കഥകളിയും നടന്നു.
വൃശ്ചികോത്സവത്തിൽ ഇന്ന്
തൃക്കേട്ട പുറപ്പാട് ദിനം, ശീവേലി – പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം – 7.30, ഭഗവാനു തിരുവഞ്ജനം ചാർത്തൽ, ഓട്ടൻതുള്ളൽ മരുത്തോർവട്ടം കണ്ണൻ– 12.30, കലാമണ്ഡലം അമൃത – 2.00, ശീതങ്കൻ തുള്ളൽ – കലാമണ്ഡലം പാർവതി വർമ– 3.30. അക്ഷരശ്ലോക സദസ്സ് 2.00 ഭജന – 4.00 പുരാണകഥാ പ്രഭാഷണം, വിശേഷാൽ നാഗസ്വരം – 5.00 സംഗീതക്കച്ചേരി – 6.00 പാഠകം, ചാക്യാർക്കൂത്ത് – 7.00 വിളക്കിനെഴുന്നള്ളിപ്പ് – 7.00 തൃക്കേട്ട പുറപ്പാട് – 8.00 ലാൽഗുഡി, ജി.ജെ.ആർ. കൃഷ്ണൻ ലാൽഗുഡി വിജയലക്ഷ്മി എന്നിവരുടെ വയലിൻ ദ്വയം – 8.30. കഥകളി – 12.00
ഓട്ടൻതുള്ളലുമായി ജർമൻ സ്വദേശി
തൃപ്പൂണിത്തുറ ∙ ‘‘എങ്കിലോ പണ്ട് യുധിഷ്ഠിരൻ, ഭീമനും മങ്കമാർ മൗലിയാം പഞ്ചാല പുത്രിയും..’’ ജർമൻ യുവാവ് മലയാളത്തിൽ പാടി തുള്ളൽചുവടുകൾ അവതരിപ്പിക്കുമ്പോൾ കാണികൾക്കു അദ്ഭുതം. വാക്കുകളോ ചുവടുകളോ തെല്ലും പിഴയ്ക്കാതെ ഹരിയാനു ഹർഷിത എന്ന ജർമൻ യുവാവ് വൃശ്ചികോത്സവ വേദിയിൽ തുള്ളൽ അവതരിപ്പിച്ചപ്പോൾ ആശാൻ കലാമണ്ഡലം പ്രഭാകരൻ സർവ പിന്തുണയുമായി പിന്നണിയിൽ ഒപ്പമുണ്ടായിരുന്നു.
കല്യാണസൗഗന്ധികം കഥയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. തുള്ളൽ ആസ്വദിക്കാൻ ഒട്ടേറെ ആളുകളാണ് ഇന്നലെ ഇവിടെ എത്തിയത്. നിറഞ്ഞ വേദിയിൽ തുള്ളൽ അവതരിപ്പിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഒട്ടേറെ വേദികളിൽ തന്റെ കലാവൈഭവം പ്രകടിപ്പിച്ചു കഴിഞ്ഞ ഇദ്ദേഹം തുള്ളൽപ്പാട്ടുകൾ ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ജർമൻ ഭാഷയിലും അദ്ദേഹം ഇന്നലെ ഇവിടെ തുള്ളൽ അവതരിപ്പിച്ചു.10 വർഷമായി തുള്ളൽ അഭ്യസിക്കുന്ന ഇദ്ദേഹം ശീതങ്കൻ തുള്ളലും പറയൻ തുള്ളലും അവതരിപ്പിക്കുന്നുണ്ട്. പ്രവീൺ പ്രഭാകരൻ (മൃദംഗം) പിന്തുണയേകി.
തൃക്കേട്ട ദർശനത്തിന് ആയിരങ്ങളെത്തും
തൃപ്പൂണിത്തുറ ∙ വൃശ്ചികോത്സവം അതിന്റെ പാരമ്യത്തിലെത്തുന്നത് തൃക്കേട്ട മുതലാണ്. ഉത്സവത്തിന്റെ 4–ാം ദിവസമാണ് തൃക്കേട്ട പുറപ്പാട്. ചിലപ്പോൾ 4–ാം ദിവസം തൃക്കേട്ട നക്ഷത്രം അല്ലാതെയും വരും. എങ്കിലും അത് പ്രശ്നമല്ല. കണക്ക് പ്രകാരം 4–ാം ദിവസമാണ് തൃക്കേട്ട പുറപ്പാട്. ഒരു വർഷം മുഴുവൻ ദർശനം നടത്തുന്ന ഫലം തൃക്കേട്ട ദർശനം കൊണ്ട് ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
സൗജന്യമായി സംഭാരവും ചുക്കുകാപ്പിയും
തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ സംഭാരവും വൈകിട്ട് ചുക്കുകാപ്പിയും സൗജന്യമായി വിതരണം ചെയ്യുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് കൗണ്ടർ. ഉദ്ഘാടനം തന്ത്രി പുലിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ബി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.