പുതു നീക്കവുമായി നാവികസേന; ‘ഹൈഡ്രജൻ യുദ്ധക്കപ്പലുകൾ പരിഗണനയിൽ’
Mail This Article
കൊച്ചി∙ ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകൾ നിർമിക്കുന്നതു നാവികസേനയുടെ ഗൗരവ പരിഗണനയിലെന്നു ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ്. ഇത്തരം കപ്പലുകൾ നിർമിക്കുന്നതു സംബന്ധിച്ചു കൊച്ചിൻ ഷിപ്‌യാഡുമായി ചർച്ച നടക്കുന്നുണ്ട്. സേന കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി സമുദ്രങ്ങളിലെയും ജലസ്രോതസ്സുകളിലെയും മലിനീകരണത്തിന്റെ തോതു കുറയ്ക്കുന്നതിനാണു പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഹ്രൈഡ്രജന്റെ സാധ്യതകൾ പരിശോധിക്കുന്നത്.
ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനു ഗംഗാ നദിയിലെ ഉപയോഗത്തിനു വേണ്ടി ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന ഫെറി ബോട്ട് കൊച്ചിൻ ഷിപ്‌യാഡ് നിർമിച്ച സാഹചര്യത്തിലാണു ഹൈഡ്രജൻ യുദ്ധക്കപ്പൽ എന്ന ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാവികവാരാഘോഷവുമായി ബന്ധപ്പെട്ട്, നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ശാർദൂലിന്റെ ഡെക്കിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ശ്രീനിവാസ്.
വില്ലിങ്ഡൻ ഐലൻഡിൽ നാവികസേന നിർമിക്കുന്ന നോർത്തേൺ ജെട്ടി അവസാനഘട്ടത്തിലാണ്. ഫെബ്രുവരിയിൽ ഇതു പൂർത്തിയാകുന്നതോടെ നിലവിൽ യുദ്ധക്കപ്പലുകൾ ബെർത്ത് ചെയ്യുന്നതിനുള്ള സ്ഥലപരിമിതിക്കു വലിയ പരിഹാരമാകും. കൊച്ചി–ലക്ഷദ്വീപ് മേഖലയിൽ സമുദ്രം വഴിയുമുള്ള ലഹരിക്കടത്തിനു തടയിടാൻ കർശനമായ നിരീക്ഷണവും നടപടിയുമാണു നാവികസേനയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കടൽക്കൊള്ളക്കാരെ നേരിടുന്നതിലും നാവികസേന മുന്നിലുണ്ടായിരുന്നു.
പരിശീലന കമാൻഡായ ദക്ഷിണനാവിക കമാൻഡിൽ കഴിഞ്ഞ വർഷം പരിശീലനം പൂർത്തിയാക്കിയത് 27 രാജ്യങ്ങളിൽ നിന്നുള്ള 500 രാജ്യാന്തര നാവികരാണ്. ഐഎൻഎസ് വിക്രാന്ത് എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി പൂർണ യുദ്ധസജ്ജമായെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ മിനിക്കോയിയിൽ മാർച്ചിൽ കമ്മിഷൻ ചെയ്ത ഐഎൻഎസ് ജടായു നാവികകേന്ദ്രത്തിന്റെ ഭാഗമായി എയർസ്ട്രിപ് നിർമിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായും വൈസ് അഡ്മിറൽ പറഞ്ഞു.