കലുങ്കിൽ ഗർത്തം രൂപപ്പെട്ടു; പൈങ്ങാരപ്പിള്ളി-പുളിക്കമാലി-തുപ്പംപടി റോഡിൽ ഗതാഗതം നിരോധിച്ചു
Mail This Article
മുളന്തുരുത്തി ∙ കലുങ്കിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്നു പൈങ്ങാരപ്പിള്ളി-പുളിക്കമാലി-തുപ്പംപടി റോഡിൽ ഗതാഗതം നിരോധിച്ചു. പുളിക്കമാലി പാമ്പ്ര മഹാദേവ ക്ഷേത്രത്തിനു സമീപത്തെ കലുങ്കിലാണ് കാലപ്പഴക്കത്തെ തുടർന്നു ഗർത്തം രൂപപ്പെട്ടത്. മഴ ശക്തമായതോടെ റോഡിന്റെ വശങ്ങളും ഇടിഞ്ഞുതുടങ്ങി. കലുങ്കിനോടു ചേർന്നുള്ള ഭാഗത്തു ടാറിങ് പൊളിഞ്ഞു കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിനെ തുടർന്നു കലുങ്കിന്റെ അടിഭാഗത്തെ കല്ലുകൾ ഇളകിയതോടെയാണു ഗർത്തം രൂപപ്പെട്ടു തുടങ്ങിയതെന്നു നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് അസി. എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് അപകടസാധ്യത കണക്കിലെടുത്ത് ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചത്. സ്കൂൾ ബസുകൾ അടക്കം ദിവസേന ഒട്ടേറെ വാഹനങ്ങൾ പോകുന്ന പ്രധാന റോഡായതിനാൽ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് ആവശ്യം.