അപ്രതീക്ഷിത മഴ: നെൽക്കൃഷി വ്യാപകമായി നശിച്ചു
Mail This Article
കോലഞ്ചേരി ∙ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ നെൽക്കൃഷി വ്യാപകമായി നശിച്ചു. ഐക്കരനാട്, മഴുവന്നൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. 2 ദിവസമായി തുടരുന്ന മഴയാണ് വെള്ളപ്പൊക്കത്തിനു കാരണം.ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ഞെരിയാംകുഴി തോട് കര കവിഞ്ഞതോടെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങൾ വെള്ളക്കെട്ടിലാണ്. 20–30 ദിവസം മുൻപ് വിതച്ച നെല്ല് വളർന്നു വരുന്നതിനിടയിലാണ് വെള്ളപ്പൊക്കം.
ഞെരിയാംകുഴി, കരിപ്പാൽത്താഴം പാടശേഖരങ്ങളിലായി 100 ഹെക്ടറോളം നെൽക്കൃഷി നാശത്തിന്റെ വക്കിലാണ്. വെള്ളം ഇറങ്ങിയാലും നെൽച്ചെടികൾ ചീയാനാണ് സാധ്യത.ഐക്കരനാട് പഞ്ചായത്തിലെ ചൊള്ളാക്കുഴിമുറി മുതൽ തോട്ടിലെ വെള്ളം പെരുവംമൂഴിയിൽ എത്തി മൂവാറ്റുപുഴയാറിൽ ചേരുന്നതു വരെ ഇരുകരകളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ തോട്ടിലെ വെള്ളം ഒഴുകിപ്പോകുന്നില്ല. വർഷങ്ങളായി തരിശു കിടന്ന കൃഷിയിടങ്ങളിൽ പോലും ഇത്തവണ കൃഷി നടത്തിയിരുന്നു.
വിതച്ച് 20 ദിവസം കഴിഞ്ഞതിനു ശേഷമാണ് വിള ഇൻഷുറൻസ് നടപടികൾ ആരംഭിക്കുന്നത്. അതിനാൽ മിക്ക കൃഷിയിടങ്ങളും ഇൻഷുർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുണ്ടകൻ കൃഷി വെള്ളപ്പൊക്കത്തിൽ നശിക്കുന്നത് അപൂർവമാണെന്ന് കർഷകർ പറയുന്നു.പൂതൃക്ക പഞ്ചായത്തിൽ കിങ്ങിണിമറ്റം, തമ്മാനിമറ്റം, പാലയ്ക്കാമറ്റം പാടശേഖരങ്ങൾ വെള്ളത്തിലാണ്. വലിയതോട് കര കവിഞ്ഞതോടെയാണ് കൃഷി നശിച്ചത്.