മഞ്ഞപ്ര പഞ്ചായത്തിൽ കൃഷി നാശം; ചെക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്താനായില്ല
Mail This Article
അങ്കമാലി ∙ അപ്രതീക്ഷിത മഴയിൽ മഞ്ഞപ്ര പഞ്ചായത്തിൽ കൃഷി നാശം. നാലാം വാർഡിലെ കൈതകം ചെക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്താനായില്ല. പുതുമനവരെയുള്ള കൃഷി ഇടങ്ങൾ വെളളത്തിൽ മുങ്ങി. ഒട്ടേറെ കർഷകരുടെ കൃഷി നശിച്ചു. കിഴക്കേ പാടത്തെ ഏക്കർ കണക്കിനു സ്ഥലത്തെ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളാണു നശിച്ചത്. രണ്ടു ദിവസം മുൻപു നട്ട ചീരക്കൃഷി ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. പുതിയ ഷട്ടറുകൾ ഉയർത്തുന്നതിന് ഒരു മണിക്കൂറോളം സമയം വേണ്ടി വരുന്നുണ്ടെന്നാണു കർഷകരുടെ പരാതി. ഷട്ടറുകൾ ഉയർത്തുന്നതിലെ പ്രശ്നങ്ങളും കർഷകർ ചൂണ്ടിക്കാട്ടി ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ എടുത്തില്ലെന്നും കർഷകർ ആരോപിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറച്ചു നാൾ മുൻപാണു പഴയ ഷട്ടറുകൾ മാറ്റി നിർത്തി പുതിയ ഷട്ടറുകൾ സ്ഥാപിച്ചത്. 10 മിനിറ്റു കൊണ്ട് ഒരു ഷട്ടർ ഉയർത്താനാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഒരു ഷട്ടർ ഉയർത്താൻ ഒരു മണിക്കൂറിലേറെ സമയം എടുക്കുന്നുണ്ടെന്നാണു കർഷകർ പറയുന്നത്. കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഇന്നലെ രാവിലെ ഷട്ടറുകൾ ഉയർത്തി. ഡാമിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നാൽ കൂടുതലുള്ള വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനു കാന നിർമിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ശുദ്ധജല ലഭ്യത കൂടി കണക്കിലെടുത്താണു ചെക്ക് ഡാം നിർമിച്ചിട്ടുള്ളത്.കിഴക്കേപാടത്ത് ഒട്ടേറെ കർഷകരാണു പച്ചക്കറിക്കൃഷി ഇറക്കിയിട്ടുള്ളത്.