പരിശോധനയ്ക്കിടെ ചിറകടി ശബ്ദം; കസ്റ്റംസ് പിടിച്ചത് 14 പക്ഷികളെ
Mail This Article
നെടുമ്പാശേരി ∙തായ്‌ലൻഡിൽ നിന്നു കൊച്ചിയിലേക്കു കടത്താൻ ശ്രമിച്ച അപൂർവയിനം പക്ഷികളെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഞായറാഴ്ച രാത്രി തായ് എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരുടെ ബാഗ് പരിശോധിച്ച കസ്റ്റംസ് സംഘമാണു തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ ബിന്ദു, ശരത് എന്നിവരുടെ ബാഗിൽ നിന്ന് 14 പക്ഷികളെ കണ്ടെത്തിയത്. ചിറകടി ശബ്ദം കേട്ട് അസ്വാഭാവികത തോന്നി ബാഗ് അഴിച്ചു പരിശോധിച്ചപ്പോഴാണു പ്ലാസ്റ്റിക് പെട്ടികളിലും ഹാർഡ് ബോർഡ് പെട്ടികളിലുമായി പക്ഷികളെ കണ്ടെത്തിയത്. വേഴാമ്പൽ ഉൾപ്പെടെ 3 ഇനത്തിലുള്ള 14 പക്ഷികളാണ് ഉണ്ടായിരുന്നത്.
പറുദീസപ്പക്ഷി (4), മാലിയോ (8), വേഴാമ്പൽ (2) എന്നിവയാണ് ഇവരിൽനിന്നു പിടികൂടിയത്. കാൽ ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിപണി മൂല്യമുള്ളവയാണ് ഓരോന്നും. ആഡംബരപ്പക്ഷി വിൽപനക്കാർക്കു വേണ്ടിയാണു പക്ഷികളെ കടത്തിക്കൊണ്ടു വന്നത്. 75,000 രൂപ വീതമാണ് ഇവർക്കു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഇരുവരും പറഞ്ഞതായി കസ്റ്റംസ് കേന്ദ്രങ്ങൾ പറഞ്ഞു.
3 മുതൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പക്ഷികളെ ഡോക്ടർമാരുടെയും പക്ഷി വിദഗ്ധരുടെയും പരിശോധനകൾക്കു ശേഷം വനം വകുപ്പിനു കൈമാറിയെങ്കിലും കേരളത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടുമോ എന്ന സംശയത്താൽ വിമാനത്താവളത്തിൽ തന്നെ ക്വാറന്റീനിൽ സൂക്ഷിച്ചിരിക്കയാണ്. കോടതി ഉത്തരവു വാങ്ങിയ ശേഷം രാത്രി തന്നെ ബാങ്കോക്കിലേക്കു തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. പ്രതികളെ തുടർനടപടികൾക്കായി വനം വകുപ്പിനു കൈമാറിയിട്ടുണ്ട്.