ADVERTISEMENT

ആലുവ ∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടമായ എൻഎഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റുന്ന വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുമായി 569.35 കോടി രൂപ കിഫ്ബിയിൽ നിന്നു നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു കൈമാറി. തുക ഇന്നു റവന്യു വകുപ്പിനു നൽകുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. റോഡിനു സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ വന്നിട്ട് 22 വർഷമായി. അതിനു ശേഷം ഭൂമി വിൽപന, ഭാഗംവയ്പ്, വായ്പയ്ക്ക് ഈടു നൽകൽ തുടങ്ങിയവ തടസ്സപ്പെട്ടിരിക്കുകയാണ്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ എന്നിവ മുടങ്ങിയവരുമേറെ.

തുക കൈമാറ്റം ഇതുമൂലം വിഷമിക്കുന്ന പ്രദേശവാസികൾക്ക് ആശ്വാസമാകും.  റോഡ് നിർമാണത്തിന് 76 ഏക്കർ 10 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 28 വീടുകളും 6 വ്യാപാര സ്ഥാപനങ്ങളും അടക്കം 34 കെട്ടിടങ്ങളുണ്ട്. ഭൂമി വില, കെട്ടിടങ്ങളുടെ നഷ്ടപരിഹാരം എന്നിവയ്ക്ക് 649 കോടി രൂപ ചെലവു വരും. ബാക്കി തുക കൂടി ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കിഫ്ബി സിഎംഡിക്കും കത്തു നൽകി. റവന്യു വകുപ്പ് 2013ലെ പൊന്നുംവില നിയമപ്രകാരം കരടു പ്രഖ്യാപനം നടത്തി, ഡ്രാഫ്റ്റ് തയാറാക്കി കലക്ടർ മുഖേന സർക്കാരിനു നൽകുകയാണ് അടുത്ത നടപടി. 

ഡ്രാഫ്റ്റ് സർക്കാർ അംഗീകരിച്ചാൽ ഹിയറിങ് നടത്തി സ്ഥലമുടമകൾക്കു നഷ്ടപരിഹാരം വിതരണം ചെയ്യും.രണ്ടാംഘട്ട റോഡ് നിർമാണത്തിനു 102.88 കോടി രൂപയും മഹിളാലയം പാലം മുതൽ കൊച്ചി വിമാനത്താവളം വരെയുള്ള മൂന്നാംഘട്ട റോഡ് നിർമാണത്തിനു 4.5 കിലോമീറ്റർ ദൂരം സ്ഥലം ഏറ്റെടുക്കാൻ 210 കോടി രൂപയും ആവശ്യമുണ്ട്. എത്രയും വേഗം തുക അനുവദിച്ചു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു.

English Summary:

Compensation for land acquisition for the second phase of the Aluva Seaport-Airport Road has been released after a 22-year wait. The ₹569.35 crore from KIIFB will soon be disbursed to the affected families by the Revenue Department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com