കുസാറ്റിൽ അമേരിക്കൻ കോർണർ തുറന്നു; പ്രവർത്തനം ദിവസവും രാവിലെ 10 മുതൽ
Mail This Article
കളമശേരി ∙ സംസ്ഥാനത്തെ ആദ്യത്തെ ‘അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തുറന്നു. കുസാറ്റും ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും സംയുക്തമായി ആരംഭിച്ച അമേരിക്കൻ കോർണർ യുഎസ് കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫിസർ ജീൻ ബ്രിഗന്തി ഉദ്ഘാടനം ചെയ്തു. വൈസ്ചാൻസലർ ഡോ.എം.ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈ അമേരിക്കൻ സെന്ററിന്റെ ഡയറക്ടർ സീമ മസോട്ട്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ രാജൻ വർഗീസ്, റജിസ്ട്രാർ എ.യു.അരുൺ, കുസാറ്റ് മുൻ വൈസ്ചാൻസലർ ഡോ.പി. ജി.ശങ്കരൻ, സിൻഡിക്കറ്റ് അംഗം ഡോ.എസ്.എം.സുനോജ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ സാം തോമസ്, ഇന്റർനാഷനൽ റിലേഷൻസ് ഡയറക്ടർ ഡോ.ഹരീഷ് എൻ.രാമനാഥൻ എന്നിവർ പ്രസംഗിച്ചു.
130 രാജ്യങ്ങളിലായി 600-ലധികം സൗകര്യങ്ങൾ ലഭ്യമാക്കുന്ന ആഗോള ശൃംഖലയുടെ ഭാഗമാണ് അമേരിക്കൻ കോർണറുകൾ. ഇന്ത്യയിലെ മൂന്നാമത്തെ സെന്ററാണ് കുസാറ്റിലേത്. അമേരിക്കൻ സാമ്പത്തിക പിന്തുണയോടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനമായ അമേരിക്കൻ കോർണറുകൾ വിദ്യാർഥികൾക്കു വിവിധ തരത്തിലുള്ള സഹായവും പരിശീലനവും പിന്തുണയും നൽകുന്നു. ഇത് സംയുക്ത പദ്ധതികൾക്കുള്ള ഉയർന്ന ഫണ്ടിങ്, സ്റ്റാഫിനും വിദ്യാർഥികൾക്കും പരിശീലന അവസരങ്ങൾ, വിപുലമായ ഡിജിറ്റൽ വിഭവങ്ങളിൽ സൗജന്യപ്രവേശനം, യുഎസ്എയിലെ പൊതു, സ്വകാര്യ മേഖലയുമായി പങ്കാളിത്തങ്ങൾ തുടങ്ങിയവ ലഭ്യമാക്കും.
സർവകലാശാലയുടെ അക്കാദമിക, ഗവേഷണ അന്തരീക്ഷത്തെ പ്രയോജനപ്പെടുത്തുകയും സാങ്കേതികവിദ്യ, നവീകരണം, പൊതു പങ്കാളിത്തം എന്നിവ സംയോജിപ്പിച്ച് സംവാദത്തിനും പഠനത്തിനും സാംസ്കാരിക സഹകരണത്തിനുമുള്ള സജീവമായ ഒരു ഇടം സൃഷ്ടിക്കുകയും ചെയ്യും. കുസാറ്റിനു രാജ്യാന്തര ബന്ധങ്ങൾ ശക്തമാക്കാനും ആഗോള പങ്കാളിത്തങ്ങൾക്കും പരസ്പര ധാരണകൾക്കും സഹായകമായ മുന്നേറ്റമുണ്ടാക്കാനും അമേരിക്കൻ കോർണർ സഹായകമാകും.
പ്രവർത്തനം ദിവസവും രാവിലെ 10 മുതൽ
കളമശേരി ∙ കുസാറ്റിലെ അമിനിറ്റി സെന്ററിൽ ആരംഭിച്ച അമേരിക്കൻ കോർണർ തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറന്നു പ്രവർത്തിക്കും. യുഎസ് ഫുൾബ്രൈറ്റ് പ്രോഗ്രാമുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ച് അറിയാൻ യുഎസ് –ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷൻ ഒരുക്കുന്ന ഉന്നതവിദ്യാഭ്യാസ കൺസൽറ്റേഷൻ ഇവിടെ നടത്തും.