ADVERTISEMENT

കൊച്ചി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള തന്റെ തന്നെ നവരസ ഭാവങ്ങൾ കാണാൻ കലാമണ്ഡലം ഗോപിയെത്തി. പച്ചവേഷപ്പകർപ്പിൽ ഗോപിയാശാന്റെ ഒൻപതു രസഭാവങ്ങളുടെ സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിങ്ങിൽ ആവിഷ്‌ക്കരിച്ചാണ് സിയാലിൽ സൂക്ഷിച്ചിട്ടുള്ളത്. വയ്യായ്മയുണ്ടെങ്കിലും ഒരുദിവസം മുഴുവനും ആശാൻ കഥകളി വേഷം ധരിച്ച് സിയാലിനായി ഭാവപ്രകാശം നടത്തുകയും അവയെ ഫോട്ടോഗ്രാഫുകളിലാക്കി ചിത്രകാരൻ മോപസാങ് വാലത്ത് പെയിന്റിങ്ങിൽ ആവിഷ്‌ക്കരിക്കുകയുമായിരുന്നു.

ഒരു യാത്രാ സംവിധാനം എന്നതിലപ്പുറം വിമാനത്താവളത്തിൽ കലാ-സാംസ്‌കാരിക വേദിയൊരുക്കുകയാണ് സിയാലെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ‘കേരളത്തിന്റെ മഹാകലാകാരന്മാർക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തിൽ ഇടങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കലാമണ്ഡലം ഗോപിയുടെ നവരസ പെയിന്റിങ് ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുള്ളത്’ – സുഹാസ് പറഞ്ഞു.

സിയാൽ പോലുള്ള അഭിമാന സ്ഥാപനങ്ങൾ ഇത്തരം കലാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. ‘പ്രോത്സാഹനമുണ്ടെങ്കിൽ ക്ലാസിക്കൽ കലാരൂപങ്ങൾ നിലനിൽക്കും. ഒരോ കലാപ്രദർശനങ്ങൾക്ക് പിന്നിലും നീണ്ടകാലത്തെ പ്രയത്‌നം ആവശ്യമാണ്. വിമാനത്താവളങ്ങൾ പോലെ രാജ്യാന്തര യാത്രക്കാർ എത്തുന്ന ഒരു സ്ഥലത്ത് ഇത്തരം പ്രദർശനങ്ങളിലൂടെ കലാകാരന്മാർക്ക് നൽകുന്ന പിന്തുണ വലുതാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രോജക്ട് കോഓർഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ. രാജശേഖർ പി. വൈക്കം, ചിത്രകാരൻ മോപസാങ് വാലത്ത്, കഥകളി ഗായകൻ കോട്ടക്കൽ മധു, വിമാനത്താവള ഡയറക്ടർ ജി.മനു, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, വി.ജയരാജൻ എന്നിവർ സന്നിഹിതരായിരുന്നു.

English Summary:

Kalamandalam Gopi, the renowned Kathakali maestro, recently visited Cochin International Airport to witness a unique art exhibition showcasing his own Navarasa expressions, captured beautifully in paintings by artist Mopasang Valath. The exhibition, displayed at the airport's Business Jet Terminal, aims to promote Kerala's rich cultural heritage and provide a platform for artistic expression.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com