എറണാകുളം ബൈപാസ്: അതിർത്തി തിരിച്ചു കല്ലിടൽ പുനരാരംഭിച്ചു; ഭൂവുടമകളിൽ ആശങ്ക
Mail This Article
അങ്കമാലി ∙ കരയാംപറമ്പിൽ ആരംഭിച്ച് നെട്ടൂരിൽ അവസാനിക്കുന്ന കുണ്ടന്നൂർ ബൈപാസിന്റെ (എറണാകുളം ബൈപാസ്) അതിർത്തി തിരിച്ചു കല്ലിടൽ ജോലികൾ പുനരാരംഭിച്ചു. പട്ടിമറ്റം ഭാഗത്തു നിന്നാണ് കല്ലിടൽ വീണ്ടും തുടങ്ങിയത്. മഴ പെയ്തു വെള്ളം ഉയർന്നതിനാൽ കല്ലിടൽ നിർത്തിവച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനാൽ സാറ്റലൈറ്റ് അടയാളപ്പെടുത്തലും ദുഷ്കരമായതിനാലാണു കല്ലിടൽ നിർത്തിവച്ചത്. നേരത്തെ പട്ടിമറ്റം മുതൽ അങ്കമാലിയിലേക്ക് 10 കിലോമീറ്റർ ദൂരത്തിലും കുണ്ടന്നൂർ ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിൽ അതിർത്തി തിരിച്ചു കല്ലുകൾ ഇട്ടിരുന്നു.
ഹൈദരാബാദ് ആസ്‌ഥാനമായുള്ള സർവേ ഏജൻസിയുടെ നേതൃത്വത്തിലാണു കല്ലിടുന്നത്. സർവേ നമ്പറുകളിലെ എത്ര സ്‌ഥലം നഷ്‌ടമാകുമെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ദേശീയപാത അധികൃതരുടെ സർവേ നടപടികൾ പൂർത്തിയായാൽ അറിയാനാകും. റോഡിനായി ഭൂമി ഏറ്റെടുക്കുമ്പോൾ നിലവിലുള്ള അവസ്ഥ അടിസ്ഥാനമാക്കില്ലെന്ന സ്പെഷൽ തഹസിൽദാരുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ് ഭൂവുടമകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. 3 എ വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയത്ത് ഭൂമിയുടെ തരം ഏതാണോ അതുപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കാൻ സാധിക്കൂയെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ബിടിആർ അല്ല നോക്കേണ്ടതെന്നും നിലവിലുള്ള അവസ്ഥയാണെന്നതും സംബന്ധിച്ചു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുണ്ടെന്നും പുരയിട സ്വഭാവമുള്ള ഭൂമി ആണെങ്കിൽ പുരയിടത്തിന്റെ വില നൽകണമെന്നാണു ഭൂമി നഷ്ടമാകുന്നവരുടെ ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. ബിടിആറിൽ നിലമായി കിടക്കുന്ന ഭൂമിയിൽ കെട്ടിടങ്ങളും മറ്റുമുണ്ട്.
കെട്ടിടങ്ങളുള്ള ഇത്തരം ഭൂമി റോഡിനായി വിട്ടുകൊടുക്കുന്ന ഭൂവുടമകൾ വലിയ നഷ്ടം സഹിക്കേണ്ടി വരും. ബിടിആറിൽ നിലമെന്നു രേഖപ്പെടുത്തുകയും ഇപ്പോൾ പുരയിട സ്വഭാവം ഉള്ളവരുമായ ഭൂവുടമകൾ ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ട്.എന്നാൽ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. സ്ഥലം ഏറ്റെടുക്കുമ്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ തന്നെ ഇപ്പോഴത്തെ നിർമാണ ചെലവ് കണക്കാക്കണമെന്നും കെട്ടിടങ്ങളും വീടുകളും നഷ്ടപ്പെടുന്നവർക്ക് ഇപ്പോഴത്തെ നിർമാണ ചെലവിന് ആനുപാതികമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉൾപ്പെടെ ആവശ്യപ്പെട്ട് എംപിമാർ കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു.