കേരളത്തിൽ കടൽക്ഷോഭം മൂന്നിരട്ടിയായെന്ന് പഠനം; 11 കടൽക്ഷോഭ ഹോട്ട് സ്പോട്ടുകളെന്ന് റിപ്പോർട്ട്
Mail This Article
പനങ്ങാട് ∙ കേരളത്തിലെ കടൽ ക്ഷോഭങ്ങളിൽ മൂന്നിരട്ടി വർധനയെന്നു പഠന റിപ്പോർട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം സാങ്കേതികവിദ്യ ഉപയോഗിച്ച്, ഗവേഷകർ 11 പ്രധാന കടൽക്ഷോഭ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി മാപ്പ് ചെയ്തു. തിരുവനന്തപുരത്തെ വലിയതുറ, പൊഴിയൂർ, ആലപ്പുഴയിലെ പുറക്കാട്, അമ്പലപ്പുഴ, ആറാട്ടുപുഴ, പുന്നപ്ര, എറണാകുളത്തെ ചെല്ലാനം, എടവനക്കാട്, തൃശൂരിലെ എറിയാട്, എടവിലങ്ങ്, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് ഹോട്ട് സ്പോട്ടുകൾ.
2012 മുതൽ 2023 വരെ കേരളത്തിലുണ്ടായ 684 കടൽക്ഷോഭങ്ങൾ വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്. 12 വർഷത്തെ പഠന കാലയളവിൽ സമീപ വർഷങ്ങളിലാണ് കടൽക്ഷോഭത്തിൽ മൂന്നിരട്ടി വർധന. 593 കിലോ മീറ്റർ തീരസംരക്ഷണത്തിനുള്ള പരിഹാരങ്ങളും പഠനം നിർദേശിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കടൽക്ഷോഭം വർധിക്കാൻ പ്രധാന കാരണമെന്നും തീരദേശത്തെ അതിലോല ആവാസ വ്യവസ്ഥയെയും ജനതയെയും സംരക്ഷിക്കുന്നതിന് എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നു വൈസ് ചാൻസലർ ഡോ. ടി. പ്രദീപ്കുമാർ പറഞ്ഞു.
134 കടൽക്ഷോഭമുണ്ടായ ആലപ്പുഴയാണ് ഏറ്റവും മുന്നിൽ. തിരുവനന്തപുരം (121) തൊട്ടുപിന്നിലുണ്ട്. 10 കിലോ മീറ്ററിൽ ഉണ്ടാകുന്ന കടൽക്ഷോഭങ്ങളുടെ എണ്ണം മാനദണ്ഡമാക്കിയപ്പോൾ എറണാകുളത്താണ് ഏറ്റവും കൂടുതൽ. വടക്കൻ ജില്ലകളിൽ കടൽക്ഷോഭം താരതമ്യേന കുറവാണ്. തീരദൈർഘ്യം കൂടുതലുള്ള ജില്ല സ്വാഭാവികമായും കടൽക്ഷോഭത്തിന് ഇരയാകുമെന്ന അനുമാനം തെറ്റാണെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നതായി അസി. പ്രഫസറും പഠനത്തിന്റെ മുഖ്യ ഗവേഷകനുമായ ഡോ. ഷിജോ ജോസഫ് പറഞ്ഞു.