ADVERTISEMENT

കോലഞ്ചേരി ∙ വിശ്വാസവും ആചാരവും കാത്തു നയിച്ച ഇടയ ശ്രേഷ്ഠന്റെ നേർച്ചയിൽ പങ്കെടുത്ത് ആയിരങ്ങൾ ശ്രേഷ്ഠ ബാവായുടെ ദീപ്തമായ ഓർമ പുതുക്കി.കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40 –ാം ഓർമ ദിനത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ അദ്ദേഹത്തിന്റെ കബറിടം വണങ്ങാനും നേർച്ചയുണ്ണാനും ആയിരങ്ങളാണ് എത്തിയത്. 40–ാം ഓർമ ദിനത്തിൽ എല്ലാവർക്കും സമൃദ്ധമായി ഭക്ഷണം നൽകണമെന്ന വിൽപ്പത്രത്തിലെ അദ്ദേഹത്തിന്റെ ആഗ്രഹം സഭ നിറവേറ്റി.

സഭയ്ക്കു വേണ്ടി വിശ്രമമില്ലാതെ ഓടിനടന്ന ഇടയ ശ്രേഷ്ഠന്റെ, ലോകമാകെയുള്ള വിശ്വാസികളുടെ മനസ്സിൽ ജീവിക്കുന്ന ശ്രേഷ്ഠ ബാവായുടെ ജീവിതം സഭ ‌ 40–ാം ഓർമദിനത്തിൽ ആഘോഷിക്കുകയാണ് എന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പറഞ്ഞു. സഭയെ യഥാർഥ വഴിയിലൂടെ ഉത്തമ ബോധ്യത്തോടെ നയിച്ച ഇടയനായിരുന്നു അദ്ദേഹം. അന്ത്യോക്യ സിംഹാസനത്തിന്റെ മലങ്കരയിലെ കണ്ണി, സഭയ്ക്കു വേണ്ടി ഏറെ ത്യാഗം സഹിച്ച മലങ്കരയുടെ യാക്കോബ് ബുർദാന – ബാവാ അനുസ്മരിച്ചു.

പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ‍  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഓർമ ദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിലെ സദസ്സ്. ചിത്രം: മനോരമ
പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഓർമ ദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിലെ സദസ്സ്. ചിത്രം: മനോരമ

മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കുർബാനയ്ക്കു പരിശുദ്ധ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിച്ചു. യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് ഉൾപ്പെടെ സഭയിലെ മെത്രാപ്പൊലീത്തമാർ സഹ കാർമികരായി.രാവിലെ പാത്രിയർക്കാ സെന്ററിൽ നിന്നു പാത്രിയർക്കീസ് ബാവായെ കത്തീഡ്രലിലേക്ക് ആനയിച്ചു. 

സ്നേഹസാമീപ്യം
പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഓർമദിന ചടങ്ങിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായി കുശലം പറയുന്ന നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ബാവാ ജോസഫ് മാർ ഗ്രിഗോറിയോസ്. ചിത്രം:മനോരമ
സ്നേഹസാമീപ്യം പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഓർമദിന ചടങ്ങിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായി കുശലം പറയുന്ന നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ബാവാ ജോസഫ് മാർ ഗ്രിഗോറിയോസ്. ചിത്രം:മനോരമ

സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു പാത്രിയർക്കാ പതാകയും അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ മരക്കുരിശും വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ വേദപുസ്തകവുമായി മുൻപിൽ നടന്നു. സഭയിലെ മെത്രാപ്പൊലീത്തമാർക്കു പിന്നിൽ ബാവാ വിശ്വാസികൾക്കു നടുവിലൂടെ ദേവാലയത്തിലേക്കു കയറിയപ്പോൾ പരിസരം ഭക്തി സാന്ദ്രമായി.

കുർബാനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ബെന്നി ബഹനാൻ എംപി എന്നിവർ പ്രസംഗിച്ചു. എംഎൽഎമാരായ പി. വി. ശ്രീനിജിൻ, അൻവർ സാദത്ത്, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രിമാരായ ടി. യു. കുരുവിള, എസ്.ശർമ, കെപിസിസി വൈസ് പ്രസിഡന്റ് വി. പി. സജീന്ദ്രൻ, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം  തുടങ്ങിയവർ പങ്കെടുത്തു.

ശ്രേഷ്ഠ കാതോലിക്കാ ബാവായെ ഉടൻ വാഴിക്കും: പാത്രിയർക്കീസ് ബാവാ
പുത്തൻകുരിശ്∙ യാക്കോബായ സുറിയാനി സഭ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ പിൻഗാമിയെ ഉടൻ വാഴിക്കുമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അറിയിച്ചു.

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40 –ാം ഓർമ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമസ് പ്രഥമൻ ബാവായുടെ പിൻഗാമിയായി സഭയെ നയിക്കാനുള്ള കഴിവും നേതൃത്വ ഗുണവും ജോസഫ് മാർ ഗ്രിഗോറിയോസിന് ഉണ്ടെന്നു പാത്രിയർക്കീസ് ബാവാ പറഞ്ഞു. നിയമപരമായും സാമ്പത്തികമായും ആധ്യാത്മികമായും സാമൂഹികമായും പ്രതിസന്ധികളിലൂടെയാണു സഭ കടന്നുപോകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിയുമെന്ന് ബാവാ പറഞ്ഞു.

സഹിഷ്ണുതയുടെ നാടാണു ഭാരതം. വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും സ്വാഗതം ചെയ്ത നാട്. കഴിഞ്ഞ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നു. ആ സംസ്കാരം തുടരണം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം സർക്കാരുകളുടെ നയമായി കാണരുത്. ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചിച്ച പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.

യാക്കോബായ സഭയുടെ അസ്തിത്വം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനും പാത്രിയർക്കീസ് ബാവാ നന്ദി അറിയിച്ചു. നീതി നിഷേധിക്കപ്പെട്ട സഭയ്ക്കു ശാശ്വതമായ സമാധാനത്തിനു വേണ്ടി മുഖ്യമന്ത്രി ഇനിയും പ്രവർത്തിക്കണമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്ത്യോക്യ സിംഹാസനവുമായുള്ള ബന്ധം അഭംഗുരം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ. ആ ബന്ധം തുടരണമെന്ന് വിൽപ്പത്രത്തിൽ പോലും അദ്ദേഹം ഓർമിപ്പിച്ചതായി പാത്രിയർക്കീസ് ബാവാ അനുസ്മരിച്ചു.

ശ്രേഷ്ഠ ബാവായുടെ കബർ നിർമിച്ചത് ജോബിനും സംഘവും
പുത്തൻകുരിശ് ∙ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബർ നിർമിച്ചത് കാണിനാട് സ്വദേശി പി.ഒ. ജോബിന്റെ നേതൃത്വത്തിൽ. 18 ദിവസം കൊണ്ടാണ് ഇതു നിർമിച്ചത്. തേക്ക് തടിയിൽ തീർത്ത കബറിനു നാലര അടി വീതിയും 8 അടി ഉയരവുമുണ്ട്.

രാവും പകലും നീണ്ട പ്രയത്നത്തിന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ സ്വർണ പതക്കം നൽകി അനുമോദിച്ചു. പ്രദീപ് കുമാർ, ഒ.എൻ. രമേശൻ, കെ.എക്സ്. ബിജു തുടങ്ങിയവർ നിർമാണത്തിൽ പ്രധാന പങ്കു വഹിച്ചു. പല പ്രധാന പള്ളികളുടെയും ഇന്റീരിയർ ഡിസൈനിങ് ചെയ്തിട്ടുള്ള ജോബിൻ, ‘ബൈസന്റയിൻ’ ഫുട്ബോൾ ക്ലബ് നടത്തിപ്പുകാരൻ കൂടിയാണ്.

ഓർത്തഡോക്സ് സഭ തയാറായാൽ മുൻവിധികളില്ലാത്ത ചർച്ചയോട് സഹകരിക്കും: ജോസഫ് മാർ ഗ്രിഗോറിയോസ്
കൊച്ചി ∙ മുൻവിധികളില്ലാതെ സഹോദരങ്ങളെപ്പോലെ ചർച്ചയ്ക്കു ഓർത്തഡോക്സ് സഭ തയാറാണെങ്കിൽ സഹകരിക്കാമെന്നു യാക്കോബായ സഭാ നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.വ്യവഹാരങ്ങൾ തീരുകയും സഭയിൽ സമാധാനം ഉണ്ടാവുകയും വേണമെന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഐക്യാഹ്വാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി നിഷേധിക്കുന്ന കോടതി വിധികൾ എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

യാക്കോബായ സഭയ്ക്ക് എല്ലാം നഷ്ടപ്പെട്ടപ്പോഴും വിശ്വാസം മാത്രം നഷ്ടമായില്ല. നിയമത്തിന്റെ ഭാഷയിലല്ല, സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ചാൽ സമാധാനം ഉണ്ടാവും. ശത്രുവെന്ന നിലയിലല്ല, സഹോദരർ എന്ന നിലയിൽ സംസാരിക്കാം. സഭയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കപ്പെടണം. അന്ത്യോക്യ സിംഹാസനത്തിനു കീഴിൽ അടിയുറച്ചു നിൽക്കണം.

ആഗോള സുറിയാനി സഭയുടെ ഭാഗമാണു മലങ്കര സഭ. അതിന്റെ തലവൻ പാത്രിയർക്കീസ് ബാവായാണ്. സ്വതന്ത്ര സഭയാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. പാത്രിയർക്കീസ് ഇല്ലാത്ത സഭ ശിരസ്സറ്റ സഭയാണ്. പാത്രിയർക്കീസ് ബാവാ കാതോലിക്കായുടെ മേൽസ്ഥാനിയാണ്. ഇടവക പള്ളികൾ ഇടവകക്കാരുടേതാണ്. ജനത്തിന്റെ മുതലാണ്. അവരാണ് അവകാശികൾ. അത് ആർക്കും കവർന്നെടുക്കാനാവില്ല. ദേവാലയങ്ങൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Catholicos Bava, the late Catholicos Baselios Thomas I, was remembered on his 40th memorial day at the Puthencruz Patriarchal Center, with thousands attending the Holy Qurbana led by His Holiness Patriarch Bava to honor his legacy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com