വേലിയേറ്റം: മറുവക്കാട് പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന ജനങ്ങൾ ദുരിതത്തിൽ
Mail This Article
ചെല്ലാനം ∙ വേലിയേറ്റം രൂക്ഷമായതോടെ മറുവക്കാട് പാടശേഖരത്തിനു ചുറ്റും താമസിക്കുന്ന ജനങ്ങൾ വീണ്ടും ദുരിതത്തിലായി. കായലിൽ നിന്ന് പാടശേഖരത്തിലേക്ക് ക്രമാതീതമായി ഓരുജലം കയറുന്നതാണ് പ്രശ്നമായിരിക്കുന്നത്. കായലിൽ നിന്നുള്ള വെള്ളത്തിന്റെ കയറ്റിറക്കം നിയന്ത്രിക്കാനായി പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ലൂസിന്റെ പ്രവർത്തന ചുമതല മത്സ്യക്കൃഷിക്കായി പാടശേഖരം ഏറ്റെടുത്തിരിക്കുന്ന കാരാറുകാർക്കാണ്.എന്നാൽ, സ്ലൂസിന്റെ പലകകൾ തുറന്നുവച്ചിരിക്കുന്നത് മൂലം ഓരുജലം ക്രമാതീതമായി കയറുന്നു.
ഇത് പാടശേഖരത്തോടു ചേർന്ന് ജീവിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുരയിടങ്ങളും മറ്റു കൃഷിയും നശിക്കുന്നു. വയലുകളുടെ വരമ്പുകൾ ദുർബലപ്പെടുന്നു. പാടശേഖരത്തിൽ നിന്നുള്ള വേലിയേറ്റം തടഞ്ഞു ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി യോഗം ആവശ്യപ്പെട്ടു. കൺവീനർ വർഗീസ്കുട്ടി മുണ്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു. സേവ്യർ തറയിൽ, ചാന്തു മഞ്ചാടിപറമ്പിൽ, പുഷ്പൻ കണ്ണിപ്പുറത്ത്, ബെന്നി പുളിക്കൽ, കെ.പി.സാൽവിൻ, സാബു നടുവിലപറമ്പിൽ, ബാബു തറേപ്പറമ്പിൽ, മുരളി ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.