കിഫ്ബിയുെട പച്ചക്കൊടി; മൂവാറ്റുപുഴയ്ക്കൊരു പുതിയ പാലം വരുന്നു
Mail This Article
മൂവാറ്റുപുഴ ∙ ശതാബ്ദി പിന്നിട്ട ആദ്യത്തെ കോൺക്രീറ്റ് പാലത്തിനും അൻപതാം വർഷത്തിലേക്കെത്തുന്ന രണ്ടാമത്തെ പാലത്തിനും സമാന്തരമായി ത്രിവേണി സംഗമ ഭൂമിയിൽ പുതിയൊരു പാലം കൂടി വരുന്നു. മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിനു കിഫ്ബി പച്ചക്കൊടി കാണിച്ചതോടെ മൂന്നു പുഴകളുടെ സംഗമഭൂമിക്കു മൂന്നു സമാന്തര പാലങ്ങളുടെ പ്രൗഢി കൂടിയാണ് കൈവരുന്നത്.
നഗര വികസനവുമായി ബന്ധപ്പെട്ട് പാലം ഉൾപ്പെടുത്തി സമർപ്പിച്ച പുതുക്കിയ പദ്ധതി നിർദേശത്തിനു കിഫ്ബിയുടെ അന്തിമ അനുമതി ലഭിച്ചെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. 57 കോടി രൂപ അനുവദിച്ചിരിക്കുന്നത്. നിലവിൽ നടക്കുന്ന നഗര വികസനത്തിന്റെ ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ പുതിയ പാലം അനിവാര്യമായിരുന്നു എന്നു മാത്യു കുഴൽനാടൻ പറഞ്ഞു.
ആധുനിക കാലഘട്ടത്തിനു യോജിച്ച വിധത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി രൂപരേഖ തയാറാക്കുന്നതിനുള്ള ജോലികൾ 2 വർഷത്തോളമായി നടത്തി വരികയായിരുന്നു. ഇതാണു ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാലം കൂടി യാഥാർഥ്യമാക്കി നഗര വികസനം പൂർത്തിയാകുന്നതോടെ മൂവാറ്റുപുഴയുടെ മുഖഛായ മാറും. ഗതാഗതക്കുരുക്കിൽ നിന്നു നഗരം മോചിപ്പിക്കപ്പെടും. കൂടുതൽ മികച്ച മൂവാറ്റുപുഴ എന്ന സ്വപ്നത്തിനായി കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
32 കോടി 56.6 കോടിയായി
കോടികൾ ചെലവഴിച്ചു നഗരവികസനം പൂർത്തിയാക്കിയാലും അതു ജനങ്ങൾക്കും നഗരത്തിനും പ്രയോജനപ്പെടണം എങ്കിൽ കച്ചേരിത്താഴത്ത് പുതിയ പാലം കൂടി അനിവാര്യമാണ്. അല്ലാത്തപക്ഷം പിഒ ജംക്‌ഷനിൽ നിന്നും വെള്ളൂർക്കുന്നത്ത് നിന്നും ഇരു വരികളായി വരുന്ന വാഹനങ്ങൾ കച്ചേരിത്താഴത്ത് എത്തുമ്പോഴേക്കും കുപ്പിക്കഴുത്തു പോലെ ചുരുങ്ങുകയും ഒറ്റ വരിയിലൂടെ പോകുകയും ചെയ്യേണ്ട അവസ്ഥയിൽ എത്തും.
നഗര വികസനത്തിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് ഇതുമൂലം എത്തിച്ചേരാൻ കഴിയില്ലെന്നും എംഎൽഎ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കച്ചേരിത്താഴത്ത് പുതിയ പാലത്തിനായുള്ള സാധ്യതകൾ തേടുകയും ദീർഘനാളത്തെ വിശദമായ പഠനങ്ങൾക്കും മണ്ണു പരിശോധനയ്ക്കും ശേഷം നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നിലവിലെ പാലത്തിന് സമീപമായി പുതിയ പാലത്തിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്യുകയായിരുന്നു.