രാവിലെ എഴുന്നേറ്റു പൈപ്പ് തുറന്നപ്പോൾ വെള്ളത്തിനു നീല നിറം;ആളുകൾ പരിഭ്രാന്തരായി
Mail This Article
കൊച്ചി ∙ രാവിലെ എഴുന്നേറ്റു പൈപ്പ് തുറന്നപ്പോൾ വെള്ളത്തിനു നീല നിറം! എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തു കർഷക റോഡിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലെ പൈപ്പ് വെള്ളത്തിനാണ് രാവിലെ നീല നിറം കണ്ടത്. നിറ വ്യത്യാസം കണ്ട് ആളുകൾ പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ജല അതോറിറ്റിയിലേക്കു വിളിച്ചപ്പോൾ അവർക്കും ആദ്യം കാര്യമെന്താണെന്നു മനസ്സിലായില്ല.തുടർന്നു ജല അതോറിറ്റി ജീവനക്കാരും നാട്ടുകാരും ചേർന്നു പരിശോധന തുടങ്ങി. പൈപ്പ് വെള്ളത്തിൽ ഏതെങ്കിലും തരത്തിൽ പുറത്തു നിന്നു വെള്ളമെത്താനുള്ള സാധ്യതയാണു പരിശോധിച്ചത്. അന്വേഷണത്തിൽ ബ്രദർ മാവൂരസ് റോഡിൽ പ്രവർത്തിച്ചിരുന്ന ഡൈയിങ് യൂണിറ്റിൽ നിന്നുള്ള വെള്ളം പൈപ്പ് ലൈനിലേക്കു തിരിച്ചു കയറിയതാണു പ്രശ്നമായതെന്ന് കണ്ടെത്തി.
ആലുവ– കൊച്ചി പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജല അതോറിറ്റി 12നു വെള്ളം പമ്പ് ചെയ്തിരുന്നില്ല. ഈ സമയത്ത് ഡൈയിങ് യൂണിറ്റിലെ നീല നിറം കലർന്ന വെള്ളം ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലേക്കു തിരികെ കയറുകയായിരുന്നു. തുടർന്നു ഡൈയിങ് യൂണിറ്റിലേക്കുള്ള പൈപ്പ് കണക്‌ഷൻ ജല അതോറിറ്റി റദ്ദാക്കി. പൈപ്പ് വഴി ശേഖരിച്ച വെള്ളം ഉപയോഗിക്കരുതെന്നു പ്രദേശത്തെ വീട്ടുകാർക്കു നിർദേശം നൽകി. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പൈപ്പിലുണ്ടായിരുന്ന വെള്ളം മുഴുവൻ നീക്കിയ ശേഷം വീണ്ടും പമ്പ് ചെയ്തു നിറയ്ക്കും. അതിനു ശേഷം വെള്ളം പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാൻ അനുമതി നൽകൂവെന്നു ജല അതോറിറ്റി അറിയിച്ചു. പൈപ്പിൽ ഉണ്ടായിരുന്ന വെള്ളം ജല അതോറിറ്റി പൂർണമായി നീക്കിയെന്നും നിലവിൽ ടാങ്കിലുള്ള വെള്ളം പൂർണമായി ഒഴിവാക്കിയ ശേഷമേ പുതിയ വെള്ളം ടാങ്കിൽ നിറയ്ക്കാവൂ എന്നും വാർഡ് കൗൺസിലർ ബിന്ദു ശിവൻ അറിയിച്ചു.