എറണാകുളം മാർക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു; കൊച്ചിക്ക് സ്മാർട് മാർക്കറ്റ്
Mail This Article
കൊച്ചി ∙ എറണാകുളം മാർക്കറ്റ് നിർമിച്ചതു പോലെ നാടിന്റെ വികസന കാര്യത്തിൽ എല്ലാവരും കൈകോർത്തു നിൽക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോർപറേഷനു വേണ്ടി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) നിർമിച്ച എറണാകുളം മാർക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാർക്കറ്റിനോടു ചേർന്നു നിർമിക്കുന്ന മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
പഴയ മാർക്കറ്റ് പൊളിച്ചു നീക്കി അവിടെ പുതിയതു പണിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാവരും ഒരുമിച്ചു നിന്നതോടെ സമയബന്ധിതമായി മാർക്കറ്റ് നിർമാണം പൂർത്തിയായി. ഇതുപോലെ നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരെയും പങ്കാളികളാക്കാനുള്ള ശ്രമമാണുണ്ടാകേണ്ടത്. എറണാകുളത്തെത്തുന്നവരുടെ സന്ദർശന കേന്ദ്രമായി മാർക്കറ്റ് മാറും. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും ഈ മാർക്കറ്റ് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണു പുതിയ മാർക്കറ്റ് സമുച്ചയമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലോകോത്തര നിലവാരത്തിലാണു മാർക്കറ്റ് കെട്ടിട നിർമാണം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. മാർക്കറ്റിലെ കച്ചവടക്കാരും അവരുടെ ബന്ധുക്കളും ചുമട്ടു തൊഴിലാളികളുമുൾപ്പെടെയുള്ള വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ഡപ്യൂട്ടി മേയർ കെ.എ. അൻസിയ, സിഎസ്എംഎൽ സിഇഒ ഷാജി വി. നായർ, കോർപറേഷൻ സ്ഥിരസമിതി ചെയർമാൻമാരായ പി.ആർ. റെനീഷ്, ഷീബ ലാൽ, ടി.കെ. അഷ്റഫ്, വി.കെ. മിനിമോൾ, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്, പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, കൗൺസിലർ മനു ജേക്കബ്, കെഎംസിസി പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ഇഎംഎസ്ഒഎ പ്രസിഡന്റ് ജോർജ്, കോർപറേഷൻ അഡീഷനൽ സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
ബസ് സ്റ്റാൻഡ് നവീകരിക്കണം:ഹൈബി ഈഡൻ
ലോകത്തെ ഏറ്റവും മോശം ബസ് സ്റ്റാൻഡിന് അവാർഡ് നൽകുന്നുണ്ടെങ്കിൽ അത് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കിട്ടുമെന്നു ഹൈബി ഈഡൻ എംപി. എറണാകുളം മാർക്കറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഹൈബിയുടെ വിമർശനം. ഇതുപോലെ മാലിന്യം നിറഞ്ഞ ബസ് സ്റ്റാൻഡ് വേറെയില്ല. ബസ് സ്റ്റാൻഡ് നിർമാണത്തിനായി സിഎസ്എംഎല്ലിൽ നിന്ന് 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പശ്ചിമ കൊച്ചിയിൽ 166 കോടി രൂപ ചെലവിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് (എസ്ടിപി) നിർമിക്കാനുള്ള സിഎസ്എംഎൽ പദ്ധതിയും നടപ്പായില്ല. പല പദ്ധതികളും നടക്കാതെ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ഗൗരവത്തോടെ ഇക്കാര്യങ്ങളെ കാണണമെന്നും ഹൈബി പറഞ്ഞു.
അതിദരിദ്രരുടെ മോചനം: സമൂഹം തുണയ്ക്കണമെന്ന് മുഖ്യമന്ത്രി
കൊച്ചി ∙ അതിദരിദ്രരെ ആ അവസ്ഥയിൽ നിന്നു മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു സമൂഹത്തിന്റെ പിന്തുണ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മാർക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുമ്പോഴാണു വിവിധ പദ്ധതികൾക്കു സുമനസ്സുകളുടെ സഹായം അഭ്യർഥിച്ചത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർക്ക് അതു നൽകണം. ഒരു കുടുംബത്തിനു വീടു നിർമിക്കാനാവശ്യമായ സ്ഥലം നൽകാൻ വ്യക്തികളും സ്ഥാപനങ്ങളും തയാറാകണം. ഇക്കാര്യത്തിൽ പ്രവാസികളും സഹായിക്കണം. കിടപ്പു രോഗികളായവർക്കു പാലിയേറ്റീവ് സഹായം നൽകാനുള്ള പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ട്.
ഒരാൾക്കും ശ്രദ്ധ കിട്ടാത്ത അവസ്ഥയുണ്ടാകരുത്. മാർച്ചിനകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനാണു ശ്രമം. ഏതെങ്കിലും സ്ഥലത്തു പോകുമ്പോൾ മൂക്കു പൊത്തേണ്ട അവസ്ഥയുണ്ടാകരുത്. മാലിന്യം തെരുവുകളിലേക്കു വലിച്ചെറിയുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.