വ്യവസായ സൗഹൃദത്തിൽ കേരളം രാജ്യത്ത് ഒന്നാമത്: മുഖ്യമന്ത്രി
Mail This Article
കാക്കനാട്∙ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന ധാരണ തിരുത്തിയെഴുതിയ കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വ്യവസായ സൗഹൃദ സൂചികയിൽ ടോപ്പ് അച്ചീവർ പദവി നേടി കേരളം ഒന്നാമതെത്തിയതായി കിൻഫ്ര എക്സിബിഷൻ സെന്ററിൽ ‘ഇന്ത്യ രാജ്യാന്തര വ്യാവസായിക പ്രദർശനം’ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. വ്യവസായ സൗഹൃദ സൂചികയിൽ സംസ്ഥാനങ്ങളുടെ സ്ഥാനം കേന്ദ്ര സർക്കാരാണ് നിശ്ചയിക്കുന്നത്.
കേന്ദ്രം മുന്നോട്ടു വച്ച 30 പരിഷ്കരണ മേഖലകളിൽ ഭൂരിഭാഗത്തിലും ടോപ്പ് അച്ചീവർ സ്ഥാനത്തെത്താൻ കേരളത്തിനു കഴിഞ്ഞു. സംരംഭക വർഷം പദ്ധതിയിലൂടെ മാത്രം 3.34 ലക്ഷം സംരംഭങ്ങളാണ് തുടങ്ങിയത്. വ്യവസായ സംരംഭത്തിന് അപേക്ഷ സമർപ്പിച്ചാൽ 30 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാ വകുപ്പുകളും അനുമതി നൽകണമെന്ന വ്യവസ്ഥ വച്ചതാണ് നേട്ടമായത്. സംരംഭക വർഷം പദ്ധതിയിൽ മാത്രം 2.18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.7,048 കോടി രൂപയാണ് ഈ കാലയളവിലെ വ്യവസായ നിക്ഷേപം. കേരളം കൈവരിച്ച വ്യാവസായിക മുന്നേറ്റത്തിൽ ചെറുകിട വ്യവസായങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.രാജീവ്, കൊച്ചിൻ ഷിപ്പ്‍യാഡ് ചെയർമാനും എംഡിയുമായ മധു എസ്. നായർ, മുൻ എംഎൽഎ വി.കെ.സി.മമ്മദ് കോയ, എംഎസ്എംഇ ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ്, കെൽട്രോൺ എംഡി വൈസ് അഡ്മിറൽ ശ്രീകുമാർ നായർ, ചെറുകിട വ്യവസായ അസോസിയേഷൻ സാമൂഹിക സുരക്ഷ ഫണ്ട് ചെയർമാൻ എം.ഖാലിദ്, വൈസ് പ്രസിഡന്റുമാരായ പി.ജെ.ജോസ്, എം.വി.സുനിൽനാഥ്, എ.ഫസീലുദ്ദീൻ, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, ഇന്ത്യ രാജ്യാന്തര വ്യവസായ എക്സ്പോ സിഇഒ സിജി നായർ, െചയർമാൻ കെ.പി.രാമചന്ദ്രൻ നായർ, എം.എസ്.അനസ്, എം.എം.മുജീബ് റഹ്മാൻ, ദാമോദർ അവനൂർ, എസ്.സലിം, ജോസഫ് പൈകട എന്നിവർ പ്രസംഗിച്ചു. വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും മൂന്നൂറിലധികം സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു സമാപിക്കും.