ADVERTISEMENT

അങ്കമാലി ∙ കാലടി പ്ലാന്റേഷൻ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് സാലി പോൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടത് രണ്ടാം ജന്മത്തിലേക്ക്. ചെവികൾ കുലുക്കി കാട്ടാന അടുത്തേക്കു വരുന്നു. മരണം തൊട്ടുമുന്നിൽ. പരിസരത്തെങ്ങും സഹായത്തിന്  ആരുമില്ല. നിലവിളിച്ചു സർവശക്തിയുമെടുത്ത് തിരിഞ്ഞോടി – സാലി പറഞ്ഞു.

കാട്ടാനയുടെ പൊടുന്നനെയുള്ള ആക്രമണത്തിൽ പകച്ചുപോകാതെ മനഃസാന്നിധ്യം വീണ്ടെടുത്ത് ഓടിയതാണു സാലിക്കു രക്ഷയായത്. മഞ്ഞപ്ര ചന്ദ്രപ്പുര മനക്കേടത്ത് സാലി പോൾ ആശുപത്രിയിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനായി ബസ് കാത്തുനിൽക്കവേയായിരുന്നു കാട്ടാനയുടെ ആക്രമണം. ആശുപത്രിയിൽ നിന്നു റോ‍ഡിലേക്ക് 500 മീറ്ററോളം ദൂരമുണ്ട്. ബസ് സ്റ്റോപ്പിനു സമീപം നിൽക്കുമ്പോൾ റോഡിന്റെ എതിർവശത്തെ കാട്ടിൽ നിന്നാണു കാട്ടാന ഇറങ്ങിവന്നത്.

കുറച്ചു ദൂരം ഓടിയപ്പോഴേക്കും സാലി കല്ലിൽ തട്ടി വീണു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. വീണിടത്തുനിന്നു പിന്നിലേക്കു നോക്കിയപ്പോൾ ആനയെ കണ്ടില്ലെന്നും സാലി പറ‍ഞ്ഞു. ഇരുട്ടുവീണു തുടങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കയ്യിലുള്ള ടോർച്ച് അടിച്ചു കൊണ്ടാണു സാലി ഓടിയത്. നിലവിളി കേട്ടും ടോർച്ചിന്റെ വെളിച്ചം കണ്ടും ആശുപത്രിയിലെ ഒരു ജീവനക്കാരൻ ഇറങ്ങിവന്നിരുന്നു. പിന്നാലെ കുറച്ചു നാട്ടുകാരും. വീട്ടിലേക്കു പോകുന്നതിനുള്ള കെഎസ്ആർടിസി ബസ് അപ്പോഴേക്കും വന്നു. ബസിലുള്ളവരും കൂടി കാട്ടാനയെ തിരഞ്ഞു.

സമീപത്തു തന്നെ മാറി കാട്ടാന നിൽപുണ്ടായിരുന്നു. സാലി ബസിൽ തന്നെ ആശുപത്രിയിലേക്കു പോയി. കാട്ടാന ഓടിച്ചതിന്റെ ഭീതി ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നു സാലി പറഞ്ഞു. വീണതിനെ തുടർന്നു വാരിയെല്ലിനും കാലിനും കൈമുട്ടിനും മുഖത്തും സാലിക്കു പരുക്കേറ്റിട്ടുണ്ട്. ചികിത്സയെ തുടർന്നുള്ള വിശ്രമത്തിലാണ്. പ്ലാന്റേഷൻ എസ്റ്റേറ്റുകളിൽ കാട്ടാനയുടെ ശല്യം ഏറിയിരിക്കുകയാണ്. കഴിഞ്ഞദിവസം കല്ലാല എസ്റ്റേറ്റിലെ പാൽപുര കാട്ടാനക്കൂട്ടം തകർത്തിരുന്നു

English Summary:

Wild elephant attack survivor, Sally Paul, a nursing assistant at Kalady Plantation Hospital in Angamaly, Kerala, recounts her terrifying experience and narrow escape from a charging elephant. The incident highlights the increasing frequency of human-elephant conflicts in the area, raising concerns about safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com