വഴിയാത്രക്കാരായി കാട്ടാനകൾ പുറത്തിറങ്ങാൻ ഭയന്ന് ജനം
Mail This Article
കോതമംഗലം∙ നിയന്ത്രണമില്ലാതെ തുടരുന്ന കാട്ടാനശല്യം വർധിച്ച് പ്രധാന റോഡുകളിലൂടെ പകൽ പോലും സഞ്ചരിക്കാൻ കഴിയാതായി. നേര്യമംഗലം വില്ലാഞ്ചിറയിൽ തുടങ്ങി കൊച്ചി– ധനുഷ്കോടി ദേശീയപാതയിലും ഇടുക്കി റോഡിലും ഏതുസമയവും കാട്ടാനയെ ഭയക്കണം.സർവീസ് ബസുകളും സ്കൂൾ, കോളജ് വാഹനങ്ങളും ഉൾപ്പെടെ തിരക്കുള്ള ഇടുക്കി റോഡിലെ ചെമ്പൻകുഴിയിലാണു ശനിയാഴ്ച വൈകിട്ട് ആന കുത്തിമറിച്ച മരം ബൈക്കിനു മുകളിൽ വീണ്, എൻജിനീയറിങ് വിദ്യാർഥികളായ സി.വി. ആൻമേരി മരിച്ചതും അൽത്താഫ് അബൂബക്കറിനു സാരമായി പരുക്കേറ്റതുമായ ദാരുണ സംഭവം.
റോഡിനു മുകളിലെ ഉയരത്തിൽ നിന്നു മറിഞ്ഞ മരത്തിനടിയിൽപെട്ട് ഇവർ റോഡിൽ വീഴുകയും ബൈക്ക് നിയന്ത്രണംവിട്ട് എതിർവശത്തെ പറമ്പിലെത്തുകയും ചെയ്തു. ചെമ്പൻകുഴി, നീണ്ടപാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ കൃഷി നശിപ്പിക്കൽ പതിവായി ജനം പൊറുതിമുട്ടുമ്പോഴാണ് ഏക യാത്രാ മാർഗത്തിലും ഭീഷണി ഉയരുന്നത്. ദേശീയപാതയിൽ വില്ലാഞ്ചിറയിലും നേര്യമംഗലം പാലത്തിനടുത്തു ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുൻപിലും കാട്ടാനയിറങ്ങുന്നതു പലപ്പോഴും ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്. നേര്യമംഗലം ടൗണിനടുത്തു വരെ കാട്ടാനയെത്തി.
പെരിയാർ കടന്നെത്തിയ ആനകൾ
ഇടുക്കി ജില്ലയിലെ കാഞ്ഞിരവേലി ഭാഗത്തുനിന്നു പെരിയാർ കടന്നെത്തിയ ആനകളാണു ചെമ്പൻകുഴി, നീണ്ടപാറ പ്രദേശങ്ങളിൽ തമ്പടിച്ചു വ്യാപക നാശമുണ്ടാക്കുന്നത്. ഇതിനിടെ മുള്ളരിങ്ങാട്, ചാത്തമറ്റം ഒറ്റക്കണ്ടം മേഖകളിലെത്തിയ ആനകളെ തിരികെ പെരിയാർ കടത്താൻ തുരത്തി ചെമ്പൻകുഴി, നീണ്ടപാറ മേഖലയിലെത്തിച്ചതു ഭീഷണി വർധിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ആനകളെ പെരിയാർ കടത്തുന്നതിൽ കാഞ്ഞിരവേലിയിൽ നാട്ടുകാരുടെ എതിർപ്പുയരുന്നുണ്ട്.
വന്യജീവി ഭീഷണി 6 പഞ്ചായത്തുകളിൽ
കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും കുരങ്ങുമെല്ലാം കാർഷികവിളകൾ പാടെ നശിപ്പിക്കും. ഈ പഞ്ചായത്തുകളിലെ റോഡുകളിലെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്നു. രാത്രി വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ജീവനോപാധികൾ അടഞ്ഞ മലയോര ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന രീതിയിലാണു കാര്യങ്ങളുടെ പോക്ക്.
പ്രതിരോധ മാർഗങ്ങളില്ല
പ്രതിഷേധം ശക്തമാകുമ്പോൾ പ്രതിരോധ മാർഗങ്ങൾക്കു പ്രഖ്യാപനങ്ങളല്ലാതെ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ല. സ്ഥാപിച്ച വൈദ്യുതവേലികൾ കാട്ടാനകൾ തകർത്തു. തൂക്കു വൈദ്യുതവേലി സ്ഥാപിക്കാനാണിപ്പോൾ ശ്രമിക്കുന്നത്. വടാട്ടുപാറയിലൊഴികെ മറ്റിടങ്ങളിൽ തൂക്കു വൈദ്യുതവേലി നിർമാണോദ്ഘാടനമല്ലാതെ പ്രാവർത്തികമായിട്ടില്ല.ഫലപ്രദം കിടങ്ങ് നിർമിക്കലാണെന്നു പറയുമ്പോഴും ഇതിന് അധികൃതരുടെ അനുകൂല പ്രതികരണമില്ല.
ആൻമേരിയുടെ സംസ്കാരം നടത്തി
പുതുക്കാട് ∙ ആൻമേരിയുടെ മൃതദേഹം സ്വദേശമായ പുതുക്കാട് പാഴായിയിലെത്തിച്ചു സംസ്കരിച്ചു.പാലക്കാട് കഞ്ചിക്കോട്ടെ ഐഎൽ ടൗൺഷിപ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുതുക്കാട് സ്വദേശി സി.ജെ.വിൻസന്റെയും ജീനയുടെയും മകളാണ് ആൻമേരി.അവധിക്കാലത്തു മാത്രമാണ് കുടുംബം പാഴായിയിൽ താമസിക്കാറുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ പാഴായിയിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ചു. വൈകിട്ടു പാഴായി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാരം നടത്തി. ആൻമേരി സഞ്ചരിച്ച ബൈക്കോടിച്ചിരുന്ന സഹപാഠി അൽത്താഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.