കാഴ്ച പരിമിതർക്കായി എ.ഐ കണ്ണടകൾ നൽകി റോട്ടറിയുടെ പ്രോജക്ട് സൂര്യ
Mail This Article
കൊച്ചി∙ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിൻ്റെ പദ്ധതിയായ പ്രോജക്ട് സൂര്യയുടെ ഭാഗമായി കാഴ്ച പരിമിതിയുള്ളവർക്കായി 65 സ്മാർട്ട് ഓൺ കണ്ണടകൾ ഇൻഫോപാർക്ക് തപസ്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഹൈബി ഈഡൻ എം.പി. വിതരണോദ്ഘാടനം ചെയ്തു. ഉമാ തോമസ് എം.എൽ.എ, റോട്ടറി അസിസ്റ്റന്റ് ഗവർണർ ജെ.ജെ. തോമസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. സുജിത് ജോസ്, വോയിസ് ഓഫ് സ്പെഷ്യലി ഏബിൾട് പീപ്പിൾ (VOSAP) സ്ഥാപകൻ പ്രണവ് ദേശായി, സൺബോട്ട് ഇന്നോവേഷൻസ് സ്ഥാപകൻ സുകേത് അമീൻ, രൂപക് ഫ്രാൻസിസ് പാറക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്ധതയെ മറികടന്ന് സ്വതന്ത്രവും, ആശ്രയമില്ലാത്തതുമായ ജീവിതത്തിന് സാഹചര്യമൊരുക്കുന്ന സന്നദ്ധ പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. കാഴ്‌ച പരിമിതർക്കായി ക്യാമറ, സെന്‍സര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) എന്നിവ സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന പ്രത്യേക കണ്ണടകളാണ് സ്മാർട്ട് ഓൺ.വോയിസ് ഓഫ് സ്പെഷ്യലി ഏബിൾട് പീപ്പിൾ (VOSAP) എന്ന സംഘടനയാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന് സ്മാർട്ട് ഓൺ കണ്ണടകൾ സംഭാവന ചെയ്തത്.
അന്ധത മറികടക്കുന്ന ഈ സാങ്കേതിക വിപ്ലവം കൂടുതൽ ആവശ്യക്കാരിൽ എത്തിക്കാൻ സമൂഹത്തിന് സാധിക്കണമെന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. സുജിത് ജോസ് പറഞ്ഞു. മുന്നിലുള്ള കാഴ്ച്ചകൾ തിരിച്ചറിഞ്ഞ് വ്യഖ്യാനിക്കുന്ന വോയ്സ് അസിസ്റ്റന്റ് കണ്ണടയിലുണ്ട്. ജി.പി.എസ് നാവിഗേഷൻ, തടസ്സങ്ങൾ തിരിച്ചറിയിൽ, വിവിധ റെകഗ്‌നിഷന്‍ ശേഷികൾ എന്നിവ വഴി പരസഹായമില്ലാതെ യാത്ര ചെയ്യാൻ ഇത് സഹായിക്കും. മാത്രമല്ല, കാഴ്ച പരിമിതർക്ക് വേണ്ടി വായന സാധ്യമാക്കാനും കണ്ണടയ്ക്ക് കഴിയും. സ്മാർട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് ഇത് ഉപയോഗിക്കുന്നത്.