കൊച്ചി വിമാനത്താവളത്തിൽ 4.24 കോടിയുടെ കഞ്ചാവ് വേട്ട
Mail This Article
നെടുമ്പാശേരി ∙ 4.24 കോടി രൂപ വില വരുന്ന 14.12 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തു. വിദേശത്തു നിന്നു കഞ്ചാവ് എത്തിച്ച മലപ്പുറം സ്വദേശി ആമിൽ ആസാദ് അത്രാപ്പിൽ (22) അറസ്റ്റിലായി.ഇന്നലെ തായ് എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നാണ് ഉണങ്ങിയ ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിലെത്തിച്ചത്. ചെക്ക്–ഇൻ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കിലോഗ്രാമിനു 30 ലക്ഷത്തോളം രൂപ വില വരും.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വിൽപന നടത്താനായാണ് കൊണ്ടുവന്നതെന്നും തനിക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ഇടപാടുകാർ വാഗ്ദാനം ചെയ്തെന്നും ആമിൽ കസ്റ്റംസിനോട് വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം 50 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. 15 കോടിയോളം രൂപ ഇതിന് വില വരും.