എക്സൈസ് ഓഫിസറുടെ വീട് ആക്രമിച്ച കേസ്: 2 പേർ അറസ്റ്റിൽ
Mail This Article
പറവൂർ ∙ എക്സൈസ് പ്രിവന്റീവ് ഓഫിസറുടെ വീട് ആക്രമിച്ച കേസിൽ കെടാമംഗലം വാക്കാമുറി കൃഷ്ണകൃപയിൽ രാകേഷ് (34), എട്ടിയോടം മണപ്പാട്ടിൽ ഫിറോസ് (28) എന്നിവർ അറസ്റ്റിൽ. ബവ്റിജസ് കോർപറേഷന്റെ ഔട്‌ലെറ്റുകളിൽ നിന്നു മദ്യം വാങ്ങി, കൂടിയ വിലയ്ക്ക് ഏഴിക്കര, കെടാമംഗലം പ്രദേശത്തു വിൽപന നടത്തുന്നവരാണിവർ. പറവൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ കെടാമംഗലം പെരുമ്പോടത്ത് വട്ടംതാട്ടിൽ വി.എസ്.ഹനീഷിന്റെ വീട്ടിലാണ് അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം നഗരത്തിലെ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റിൽ രാകേഷ് മദ്യം വാങ്ങാൻ എത്തിയ സമയത്ത് ഹനീഷും മറ്റൊരു ഉദ്യോഗസ്ഥനും ഇവിടെ പരിശോധനയ്ക്ക് ചെന്നിരുന്നു. ഹനീഷിനെ കണ്ടതിനാൽ രാകേഷിന് മദ്യം വാങ്ങാനായില്ല. തിരിച്ചു പോകുന്നതിന് മുൻപ് ഇയാൾ ഹനീഷിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. എക്സൈസ് സർക്കിൾ ഓഫിസിന്റെ പരിസരത്ത് ചെന്നും വെല്ലുവിളിച്ചു. ഹനീഷിന്റെ വീടിന് സമീപത്താണ് രാകേഷിന്റെയും വീട്.
ഞായർ വൈകിട്ട് 3ന് ഹനീഷിന്റെ വീട്ടിലെത്തിയ രാകേഷ് പോർച്ചിൽ കിടന്ന കാറിന്റെ ബോണറ്റിൽ കോൺക്രീറ്റ് കട്ട കൊണ്ട് ഇടിച്ച് കേടുവരുത്തി. വീടിനകത്തേക്ക് കല്ലുകൾ വലിച്ചെറിഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഹനീഷിന്റെ ഭാര്യ വീണയെ അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു. കല്ലേറിൽ വീണയുടെ കൈക്ക് പരുക്കേറ്റു. പിന്നീട് രാത്രി 11നും തിങ്കൾ പുലർച്ചെ ഒരു മണിക്കും 2നും സുഹൃത്തായ ഫിറോസിനോടൊപ്പം ഹനീഷിന്റെ വീട്ടിലെത്തിയ രാകേഷ് 2 ജനൽ ചില്ലുകൾ തകർത്തു. കാറിന്റെ ചില്ലും പൊട്ടിച്ചു. രാകേഷ് എറിഞ്ഞ കുപ്പി കൊണ്ട് ഹനീഷിന്റെ കാലിനും പരുക്കേ റ്റു.
പൊലീസെത്തി രാകേഷിനെ പിടികൂടി. ഓടി രക്ഷപ്പെട്ട ഫിറോസിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു. അനധികൃത മദ്യവിൽപന നടത്തിയ സംഭവത്തിൽ മുൻപ് 2 തവണ രാകേഷിനെ എക്സൈസും പൊലീസും പിടികൂടിയിട്ടുണ്ട്. മദ്യവിൽപന സംബന്ധിച്ച വിവരം ഹനീഷാണ് നൽകുന്നതെന്നുള്ള വിരോധവും ആക്രമണത്തിനു പിന്നിലുണ്ടെന്നാണ് സൂചന. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ നസീർ, എസ് ഐ നസീർ, എഎസ്ഐ ബിജു, സിപിഒമാരായ സ്മിജോ, ജിംസൻ എന്നിവർ ചേർന്നാണ് രാകേഷിനെയും ഫിറോസിനെയും പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു