ആനക്കലിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; പ്രതിഷേധം കനക്കുന്നു, കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു ഹർത്താൽ
Mail This Article
കോതമംഗലം∙ കുട്ടമ്പുഴ വലിയക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സ്ഥലത്തു രാത്രി വൈകിയും പ്രതിഷേധം ശക്തമായി തുടരുന്നു. ആയിരത്തിലധികം നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹവും വനപാലകരും അഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്. കലക്ടർ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്.
മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ രാത്രി സ്ഥലത്തെത്തിയിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായിട്ടും പ്രതിരോധ നടപടികളില്ലാതെ ജനത്തെ ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചു കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു ഹർത്താൽ ആചരിക്കാൻ യുഡിഎഫ് ആഹ്വാനമുണ്ട്. ഇന്നു കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടക്കും.
എറണാകുളത്തു ജോലി കഴിഞ്ഞു രാത്രി ബസിലെത്തി വീട്ടുസാധനങ്ങളും വാങ്ങി റോഡിലൂടെ വീട്ടിലേക്കു പോയ കോടിയാട്ട് എൽദോസ് വർഗീസാണു ദാരുണമായി കൊല്ലപ്പെട്ടത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്തു പ്രതിരോധ സംവിധാനങ്ങൾ വേണമെന്ന ആവശ്യം കാലങ്ങളായുള്ളതാണെങ്കിലും ഒന്നും നടപ്പാകാത്തതിൽ നേരത്തേ മുതൽ നാട്ടിൽ പ്രതിഷേധമുള്ളതാണ്. കാട്ടുമൃഗശല്യം രൂക്ഷമാകുന്നതിനിടെ വനനിയമത്തിൽ ഭേദഗതി വരുത്തുന്നത് വീണ്ടും നാട്ടുകാരെ ഉപദ്രവിക്കാനുള്ള നീക്കമാണെന്നാരോപിച്ചും കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.