ADVERTISEMENT

കൊച്ചി∙ മാന്ത്രികത തുളുമ്പുന്ന കൈവിരലുകളാൽ തബലയിൽ വിസ്മയനാദം തീർത്ത് ഉസ്താദ് സാക്കിർ ഹുസൈൻ കൊച്ചിയെ അമ്പരപ്പിച്ചതു നഗരത്തിലെ സംഗീതാസ്വാദകർക്ക് ഇന്നും സാന്ദ്രസ്മരണ. 2007ൽ ബോൾഗാട്ടിയിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും 2009ൽ കലൂർ ഗോകുലം കൺവൻഷൻ സെന്ററിലും ഉസ്താദിന്റെ സർഗവൈഭവം നുകരാൻ കൊച്ചിക്കായി. ധരണി സൊസൈറ്റിയായിരുന്നു സംഘാടകർ.

‘സിനിമാ താരങ്ങളെ മാത്രമല്ല പുതിയ തലമുറയിലെ സംഗീതജ്‌ഞരേയും മാധ്യമങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നു’ 2009 ഫെബ്രുവരിയിൽ കൊച്ചിയിലെത്തിയ അദ്ദേഹം പറഞ്ഞു. അന്നു തന്നോടൊപ്പം സാരംഗി വായിച്ച ദിൽഷാദ് ഖാനെച്ചൂണ്ടി അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞത് ‘അമീർ ഖാനെയും ഷാറൂഖ് ഖാനെയും കുറിച്ചു മാത്രമല്ല, ദിൽഷാദ് ഖാനെക്കുറിച്ചും നിങ്ങളെഴുതൂ’ എന്നാണ്.  സാരംഗിയെപ്പോലെ നഷ്‌ടപ്പെട്ടുപോകുന്ന സംഗീതോപകരണങ്ങളുടെ പുനർജനിയാണു ദിൽഷാദിനെപ്പോലുള്ളവർ നിർവഹിക്കുന്നതെന്നും ഉസ്താദ് പറഞ്ഞുവച്ചു.   

ദിൽഷാദ്‌ഖാന്റെ  സാരംഗിയിൽ, പറയാത്ത വിഷാദങ്ങൾ അന്നു പരിഭവിച്ചൊഴുകിയപ്പോൾ ആസ്വാദകരുടെ ഉള്ളിൽ താളസമുദ്രം ഇളകിമറിഞ്ഞു.  നഗരരാവിനു പ്രണയചാരുത നൽകിയ സംഗീതവിസ്‌മയമായി അന്ന് ഉസ്‌താദ് സാക്കിർഹുസൈന്റെ തബലക്കച്ചേരി. ഒന്നരമണിക്കൂറോളം നീണ്ട കച്ചേരിയായിരുന്നു അതെന്ന് അന്നു സാക്കിർ ഹുസൈനു ബൊക്കെ നൽകി ആശംസയറിയിച്ച സംഗീത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.പ്രദീപ് ഓർക്കുന്നു.

അതിലും മികച്ച ഓർമ 2007 ജനുവരിയിൽ ബോൾഗാട്ടിയിലേതാണു പ്രദീപിന്.  അറബിക്കടലിൽ നിന്നു  കായൽകടന്നെത്തിയ കാറ്റിനൊപ്പം ഉസ്‌താദിന്റെ വിരൽത്തുമ്പുകളിൽ നിന്നു താളം പെയ്‌തിറങ്ങി. ബോൾഗാട്ടിയിലെ പ്രൗഢസദസ്സ് ‘വാഹ്...ഉസ്താദ്’ എന്ന് അമ്പരപ്പോടെ പറഞ്ഞു, കരഘോഷമുതിർന്നു. ഉസ്‌താദ് സാക്കിർ ഹുസൈന് ഒപ്പം പുല്ലാങ്കുഴലിന്റെ ഗന്ധർവൻ എസ്. ശശാങ്കും. മൃദംഗത്തിന്റെ മാന്ത്രികവിരുന്നുമായി പത്രി സതീഷ് കുമാറും അരങ്ങിലെത്തി. 

‘‘ശശാങ്കിന്റെ പുല്ലാങ്കുഴൽ എനിക്ക് അകമ്പടിയാകുന്നു എന്നല്ല, ശശാങ്കിനെപ്പോലൊരു പ്രതിഭയ്‌ക്കു ഞാനും സതീഷ് ബായിയും അകമ്പടിയാകുന്നു എന്നാണു പറയേണ്ടത്’ എന്നു പറഞ്ഞ് അന്നു സാക്കിർ ഹുസൈൻ എളിമയുടെയും ഉസ്താദായി. കൊച്ചിയെയും വേദിയെയും പുകഴ്ത്തിയ സാക്കിർ ഹുസൈൻ അന്നു കൊച്ചിയിലെ കൊതുകുകളെക്കുറിച്ചു പറഞ്ഞതും ശ്രദ്ധേയമായി. ‘കൊതുകുകൾക്കും ഇവിടെ പാസ് നൽകിയിട്ടുണ്ട്’ എന്നായിരുന്നു സദസ്സിൽ ചിരി പടർത്തിയ പരാമർശം.

English Summary:

Ustad Zakir Hussain's legacy lives on in Kochi, where the city has hosted commemorative music events in his honor. These events, held at venues like the Open Air Auditorium in Bolgatty and Gokulam Convention Centre in Kaloor, celebrate his contribution to Indian Classical Music.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com