പെരുമ്പാവൂർ നിയോജകമണ്ഡലം: 41.85 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയതായി മന്ത്രി
Mail This Article
പെരുമ്പാവൂർ ∙ ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ റോഡ് വികസനത്തിന് 41.85 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി വിഭാവനം ചെയ്ത ടൗൺ ബൈപാസ് ഒന്നാം ഘട്ടം നിർമാണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
20.79 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ 12.68 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. 27 കോടി രൂപ ചെലവിൽ 3 പാലങ്ങൾ പൂർത്തിയാക്കി. 39.12 കോടി രൂപയുടെ 4 പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, അംഗം ശാരദ മോഹൻ, നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ടി.അജിത്കുമാർ, കെ.എം.അൻവർ അലി, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി.അജയകുമാർ, പി.പി.അവറാച്ചൻ, മായ കൃഷ്ണകുമാർ,ടി.എൻ.മിഥുൻ, ഷിഹാബ് പള്ളിക്കൽ, ഷിജി ഷാജി, ശിൽപ സുധീഷ്, നഗരസഭാ കൗൺസിലർമാരായ ടി.എം.സക്കീർ ഹുസൈൻ, അഭിലാഷ് പുതിയേടത്ത്, മുൻ എംഎൽഎ സാജു പോൾ, കലക്ടർ എൻ.എസ്.കെ.ഉമേഷ്, ആർബിഡിസികെ ജനറൽ മാനേജർ ടി.എസ്.സിന്ധു, സീനിയർ മാനേജർ, മെഹ്‌സിൻ ബക്കർ എന്നിവർ പ്രസംഗിച്ചു.
ബൈപാസിന് 2016ലെ ബജറ്റിലാണ് 20 കോടി രൂപ വകയിരുത്തിയത്. ആലുവ–മൂന്നാർ റോഡിലെ മരുതുകവലയിൽ തുടങ്ങി ഒഎം റോഡിൽ അവസാനിക്കുന്ന ഒന്നാം ഘട്ടത്തിന് 1.03 കിലോമീറ്ററാണു നീളം. 25 മീറ്റർ വീതിയുണ്ടാകും. 4 വരി പാതയായിട്ടാണു നിർമാണം. നടപ്പാതയും ഡ്രെയ്നേജ് സൗകര്യവും ഉണ്ടാകും.
പെരുമ്പാവൂർ വില്ലേജിലെ 63 ഭൂവുടമകളിൽ നിന്നായി 2.74 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 21.63 കോടി രൂപ നഷ്ടപരിഹാരമായി നൽകി. രാജേഷ് മാത്യു ആൻഡ് കമ്പനിയുമായി 25.04 കോടി രൂപയ്ക്കാണ് നിർമാണ കരാർ ഒപ്പിട്ടിരിക്കുന്നത്. 2 ഘട്ടങ്ങളിലായി നിർമിക്കുന്ന ബൈപാസിന് 301.71 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.