അവസാന മുത്തം നൽകി അമ്മയെ യാത്രായാക്കി, ശാന്തനായി ഇമ്മാനുവൽ; കണ്ണു നനയിക്കും ഇവർ അനുഭവിച്ച ദുരിതങ്ങൾ
Mail This Article
മൂവാറ്റുപുഴ∙ വാഹനാപകടത്തിൽ മരിച്ച ഷീനയ്ക്ക് അവസാനമായി മുത്തം കൊടുക്കാൻ മകൻ ഇമ്മാനുവൽ എത്തിയപ്പോൾ കൂടി നിന്നവർ ആശങ്കയിലായിരുന്നു. ഇമ്മാനുവൽ അടങ്ങിയിരിക്കില്ല എന്നായിരുന്നു അവരുടെ ആശങ്ക. ഇമ്മാനുവൽ ശാന്തനായിരുന്നു. മുത്തം കൊടുത്ത് അമ്മയെ അവൻ യാത്രയാക്കി. ഓട്ടിസം ബാധിതനായ പതിനൊന്നുകാരനായ ഇമ്മാനുവലും അമ്മ ഷീനയും അനുഭവിച്ച ദുരിതങ്ങൾ ആരുടെയും കണ്ണു നനയിക്കും. പിതാവ് മരിച്ചതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഷീനയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം.
ഒന്നര മാസം മുൻപാണ് ഇമ്മാനുവലിനെയും കൂട്ടി അമ്മ ഷീന പീസ് വാലിയിൽ എത്തിയത്. ഹൈപ്പർ ആക്ടീവ് ആയ തീവ്രമായ ഓട്ടിസം ബാധിതനായ മകനെ പീസ് വാലിയിൽ പ്രവേശിപ്പിക്കാമോ എന്നായിരുന്നു ആവശ്യം. ഭർത്താവ് മരിച്ചതിനാലും ഇളയ മകളുടെ പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോകാനും ഒരു ജോലി അവർക്ക് അത്യാവശ്യം ആയിരുന്നു.
ഹൈപ്പർ ആക്ടീവ് ആയ ഇമ്മാനുവലിന് പ്രവേശനം നൽകാൻ സ്പെഷൽ സ്കൂളുകൾ പോലും മടിച്ച ഘട്ടത്തിലാണ് ഒന്നര മാസം മുൻപ് പീസ്‌വാലിക്ക് കീഴിലെ ചിൽഡ്രൻസ് വില്ലേജിൽ ഇമ്മാനുവൽ എത്തുന്നത്. രോഗവും ദാരിദ്ര്യവും മൂലം ദുരിതത്തിന്റെ നടുക്കടലിലായ ആ കുടുംബത്തിന് ആശ്വാസം പകർന്ന് പീസ് വാലി ഇമ്മാനുവലിനെ ഏറ്റെടുത്തു.
ഇതിനിടെയാണ് വീണ്ടും ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി വാഹനാപകടത്തിൽ ഷീന മരിച്ചത്. ആവോലിയിൽ സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിലാണ് ഷീന മരിച്ചത്.ഇപ്പോൾ ഇമ്മാനുവലിനു ചുറ്റും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സാന്ത്വനവുമായി പീസ് വാലിയിലെ അന്തേവാസികളും ജീവനക്കാരും ഉണ്ട്.