ADVERTISEMENT

ആലുവ∙ റൂട്ട് തെറ്റിച്ചോടുകയും നഗരം ചുറ്റാതെ യാത്ര ഇടയ്ക്ക് അവസാനിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി എടുക്കുന്നുണ്ടെന്ന് മോട്ടർ വാഹന അധികൃതർ അവകാശപ്പെടുമ്പോഴും സ്വകാര്യ ബസുകൾ ഇതേ കുറ്റം ആവർത്തിക്കുന്നു. ആലുവ–എറണാകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തിങ്കളാഴ്ച വൈകിട്ടു ബാങ്ക് കവലയിൽ യാത്രക്കാരെ ബലമായി ഇറക്കി സ്റ്റാൻഡിലേക്കു പോകുന്നതു ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം.

തലനാരിഴയ്ക്കാണ് താൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതെന്നു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി പറഞ്ഞു. നാട്ടുകാരും സമീപത്തെ വ്യാപാരികളും ഇടപെട്ടതോടെയാണ് ചൂർണിക്കര സ്വദേശിയായ ബസ് ഡ്രൈവർ അടങ്ങിയത്. ബസ് ഉടമയുടെ സഹോദരനാണ് ബസ് ഓടിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. യൂത്ത് കോൺഗ്രസ് ഭാരവാഹിയെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചതിനെതിരെ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് പി.എച്ച്. അസ്‌ലം പറഞ്ഞു. 

ആലുവ ബൈപാസ് കവല വഴി വരുന്ന സ്വകാര്യ ബസുകൾ ബാങ്ക് കവല, പമ്പ് കവല, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, ജില്ലാ ആശുപത്രി, മാർക്കറ്റ് റോഡ് വഴിയാണ് സ്റ്റാൻഡിൽ പോകേണ്ടത്. അതിനു പകരം ബാങ്ക് കവലയിൽ എത്തുമ്പോൾ യാത്രക്കാരെ ഇറക്കി നേരെ സ്റ്റാൻഡിൽ കയറുന്നതാണ് പരാതിക്ക് ഇടയാക്കുന്നത്. ബസുകാർക്ക് ഇതുവഴി 3 കിലോമീറ്റർ ദൂരവും 10 മിനിറ്റും ലാഭിക്കാം.

പക്ഷേ, യാത്രക്കാർ വീണ്ടും 10 രൂപ മുടക്കി മറ്റൊരു ബസിൽ പോകുകയോ ഓട്ടോ വിളിക്കുകയോ വേണം.  ഇതിനെതിരെ മോട്ടർ വാഹന വകുപ്പിനു പരാതി നൽകാൻ ആളുകൾക്കു മടിയാണ്. ഹിയറിങ്ങിനു ജോയിന്റ് ആർടി ഓഫിസിൽ എത്തിയ പരാതിക്കാരെ അവിടെ വച്ചു പോലും ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് പിന്മാറ്റത്തിനു കാരണം.

English Summary:

Private bus route deviations endanger passengers; a recent incident in Aluva highlights the ongoing issue of unauthorized route terminations by private buses. Stricter enforcement is needed to protect commuters and ensure adherence to designated routes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com