കണ്ണീരും രോഷവും ഇടകലർന്ന പകലിനൊടുവിൽ എൽദോസിന്റെ അന്ത്യയാത്ര
Mail This Article
കോതമംഗലം∙ കണ്ണീരും രോഷവും ഇടകലർന്ന പകലിനൊടുവിൽ എൽദോസിന്റെ അന്ത്യയാത്ര. കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞ കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരി കോടിയാട്ട് എൽദോസ് വർഗീസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട് ഒന്നടങ്കം ഒഴുകിയെത്തി. നാട്ടുകാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ജനാവലിയുടെ സാന്നിധ്യത്തിൽ ഉരുളൻതണ്ണി മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ചേലാട് കുറുമറ്റത്തെ സെമിത്തേരിയിലായിരുന്നു സംസ്കാരം. മൃതദേഹമെത്തിക്കുമ്പോൾ പ്രതിഷേധവും സംഘർഷവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു വൻ പൊലീസ് സന്നാഹം പുലർച്ചെ മുതൽ കോതമംഗലത്തും ഉരുളൻതണ്ണിയിലും നിലയുറപ്പിച്ചിരുന്നു.
എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് 1.40നാണു മൃതദേഹം വലിയ ക്ണാച്ചേരിയിലെ വീട്ടിലെത്തിച്ചത്. വസതിയിലെ ശുശ്രൂഷകൾക്കു യാക്കോബായ സഭാ മെത്രാപ്പൊലീത്തമാരായ ഏലിയാസ് മാർ യൂലിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ് എന്നിവർ നേതൃത്വം നൽകി. മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അനുശോചന സന്ദേശം സംസ്കാരച്ചടങ്ങിൽ വായിച്ചു.
എറണാകുളത്തെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി കഴിഞ്ഞു തിങ്കൾ രാത്രി ഏഴരയോടെ ഉരുളൻതണ്ണിയിൽ ബസിറങ്ങി ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്കു നടന്നുപോകും വഴിയാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് പട്രോളിങ് സ്റ്റേഷനിൽ നിന്നു 250 മീറ്റർ മാറി വനമേഖലയിൽ, ക്ണാച്ചേരി ദുർഗാ ക്ഷേത്രത്തിലേക്കുള്ള വഴി തിരിയുന്നതിനു സമീപത്താണ് എൽദോസ് ആനയുടെ മുന്നിൽപ്പെട്ടത്.
രണ്ടാനകൾ ഈ ഭാഗത്തുണ്ടായിരുന്നതായും ഇതിൽ ഒരെണ്ണമാണ് എൽദോസിനെ ആക്രമിച്ചതെന്നും നാട്ടുകാർ പറയുന്നു. ഇതുവഴി കടന്നു പോയ ഓട്ടോ ഡ്രൈവറാണു റോഡിൽ ഛിന്നഭിന്നമായ നിലയിൽ മൃതദേഹം കണ്ടത്. എൽദോസിന്റെ ശരീരത്തിലെ എല്ലാ എല്ലുകളും നുറുങ്ങിയ നിലയിലും ആന്തരാവയവങ്ങളെല്ലാം ചവിട്ടിയരച്ച നിലയിലുമായിരുന്നുവെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മൃതദേഹം റോഡിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ സ്ഥലത്തെത്തിയ കലക്ടർ എൻ.എസ്.കെ.ഉമേഷ്, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, പഞ്ചായത്ത് അംഗം ജോഷി പൊട്ടയ്ക്കൽ എന്നിവരും രാഷ്ട്രീയ, സാമൂഹികരംഗങ്ങളിലെ പ്രമുഖരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പുലർച്ചെ രണ്ടു മണിയോടെയാണു മൃതദേഹം റോഡിൽ നിന്ന് എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്കു നീക്കാനായത്.
സംഭവത്തിൽ പ്രതിഷേധിച്ചു നടത്തിയ ജനകീയ ഹർത്താൽ കുട്ടമ്പുഴയിൽ പൂർണമായിരുന്നു. കോതമംഗലത്തു ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിലേക്കു ജനകീയ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. നാട്ടിൽ ജനപാലകരില്ലെന്നും മറിച്ചു വനവും വന്യജീവികളെയും മാത്രം സംരക്ഷിക്കുന്ന വനപാലകർ മാത്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംഎൽമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷോൺ ജോർജ്, പി.പി.സജീവ് എന്നിവർ എൽദോസിന് അന്തിമോപചാരം അർപ്പിക്കാനെത്തി. മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, കോട്ടയം കൊച്ചി ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എന്നിവർ അനുശോചിച്ചു.