ADVERTISEMENT

കുട്ടമ്പുഴ∙ ‘‘കൂരുരിട്ടിൽ ആദ്യം കണ്ണിൽപ്പെട്ടതു സ്ക്രീൻ ഓണായി വഴിയോരത്തു വീണു കിടക്കുന്നൊരു മൊബൈൽ ഫോണാണ്. ഓട്ടോ നിർത്തി കയ്യിലെടുക്കുമ്പോൾ അതിൽ മുഴുവൻ രക്തം. മൊബൈലിൽ ഒരു ഗെയിം ഓണായിക്കിടക്കുവാരുന്നു. ഇതുകൊണ്ടാണു സ്ക്രീൻ ഓഫായിപ്പോകാതിരുന്നത്. മൊബൈൽ ഫോണിന്റെ  വെളിച്ചത്തിൽ ചുറ്റും പരതിയപ്പോൾ ആന ചവിട്ടി മാംസപിണ്ഡമായ നിലയിൽ ഒരു മൃതദേഹം തൊട്ടടുത്ത്.

ഞെട്ടിപ്പോയി.’’ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസ് വർഗീസിന്റെ മൃതദേഹം ആദ്യം കണ്ട ഓട്ടോ ഡ്രൈവർ നിതിൻ തങ്കച്ചന്റെ കണ്ണുകളിൽ നിന്ന് കഴിഞ്ഞ രാത്രിയുടെ ആഘാതം ഒഴിഞ്ഞിട്ടില്ല. റോഡിൽ ആനയിറങ്ങിയെന്ന വിവരമറിഞ്ഞ് ഓട്ടോയുമായി ഉരുളൻതണ്ണിയിലേക്കു പോകുമ്പോഴായിരുന്നു നിതിൻ മൃതദേഹം കണ്ടത്. രക്തത്തിൽ കുളിച്ചു മുഖമുൾപ്പെടെ തകർന്ന നിലയിൽ കിടന്ന മൃതദേഹം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്നു നിതിൻ പറയുന്നു.

തന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ അടുത്തുള്ള ഫോറസ്റ്റ് പട്രോൾ സ്റ്റേഷനിൽ എത്തിച്ച് ഉദ്യോഗസ്ഥരോടു വിവരം ആദ്യം പറഞ്ഞതും നിതിൻ തന്നെ. ഫോണിന്റെ മോഡൽ കണ്ടു നാട്ടുകാരാണ് ഇത്തരം ഫോണുള്ളത് എൽദോസിനാണെന്നു തിരിച്ചറിഞ്ഞതെന്നും നിതിൻ പറഞ്ഞു. 3 ദിവസമായി നാട്ടിലെ ഏക പെട്രോൾ പമ്പായ കുട്ടമ്പുഴ പമ്പിൽ ഇന്ധനം ഇല്ലാതിരുന്നതിനാൽ ഓട്ടോറിക്ഷകളിൽ ഏറെയും ഓടിയിരുന്നില്ല. ഇതാകാം ഓട്ടോറിക്ഷ കിട്ടാതെ എൽദോസ് വീട്ടിലേക്കു നടന്നു പോകാൻ തീരുമാനിക്കാൻ കാരണമെന്നും നിതിൻ പറയുന്നു.

ഒരുമിച്ചു നടക്കുന്ന രണ്ടു കൊമ്പന്മാർ ഉരുളൻതണ്ണിയിലെ പതിവു കാഴ്ചയാണെന്നു നാട്ടുകാർ പറയുന്നു. ഇതിൽ ഒരെണ്ണം ശാന്തനാണ്. എന്നാൽ, രണ്ടാമത്തേത് മുന്നിലെത്തുന്നവരെ ആക്രമിക്കാൻ തുനിഞ്ഞ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഈ ആനകൾ തിങ്കളാഴ്ച വൈകിട്ട് ആറരയോടെ എൽദോസ് ആക്രമിക്കപ്പെട്ട ഭാഗത്തു ചുറ്റിത്തിരിയുന്നതും പലരും കണ്ടിരുന്നു. ഫോറസ്റ്റ് ഓഫിസിൽ ഈ വിവരം നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. ഇതിലെ പ്രശ്നക്കാരനായ ആന തന്നെയാകാം എൽദോസിനെ ആക്രമിച്ചതെന്നാണു നാട്ടുകാർ കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com