ടോറസ് ലോറികളുടെ അപകടയാത്ര; മരണപ്പാച്ചിലിൽ പൊറുതിമുട്ടി ജനം
Mail This Article
കൂത്താട്ടുകുളം∙ എംസി റോഡിൽ ആറൂർ, വടക്കൻ പാലക്കുഴ മേഖലയിൽ ടാർ മിക്സിങ് പ്ലാന്റിൽ നിന്നു ടാർ മിക്സുമായി പോകുന്ന ടോറസ് ലോറികളുടെ മരണപ്പാച്ചിലിൽ പൊറുതിമുട്ടി ജനം. ഇന്നലെ രാവിലെ വടക്കൻ പാലക്കുഴയിൽ കുട്ടികളെ സ്കൂളിൽ അയയ്ക്കാനെത്തിയ അമ്മമാരുടെ ദേഹത്ത് ടോറസ് ലോറിയിൽ നിന്ന് ചൂടുള്ള ടാർ മിക്സ് വീണു പരുക്കേറ്റു. അമിത വേഗത്തിലെത്തിയ ടോറസ് ലോറി വളവ് വീശിയെടുത്തപ്പോഴാണ് റോഡരികിൽ നിന്നിരുന്ന സ്ത്രീകളുടെ ദേഹത്ത് ടാർ മിക്സ് തെറിച്ചു വീണത്. ലോറിയുടെ ലോഡ് കയറ്റിയ ഭാഗം മൂടിയിട്ടില്ലായിരുന്നു. ഏതാനും നിമിഷം മുൻപ് കുട്ടികൾ ബസിൽ കയറി പോയതിനാൽ അപകടം ഒഴിവായെന്നു നാട്ടുകാർ പറഞ്ഞു.
അമിത ലോഡുമായി എത്തുന്ന ലോറികൾ സ്കൂൾ സമയത്തെ നിയന്ത്രണങ്ങൾ പോലും പാലിക്കുന്നില്ലെന്നാണ് ആരോപണം. അഗ്നിരക്ഷാ സേനയെത്തി റോഡിൽ വീണ ടാർ മിക്സ് നീക്കം ചെയ്തു.ആറൂരിലെ ടാർ മിക്സിങ് പ്ലാന്റിൽ നിന്നു ലോഡുമായി പോകുന്ന ടോറസ് ലോറികളാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. 3 പ്ലാന്റുകളിൽ 2 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സമീപത്തെ കോളനി നിവാസികൾ അസുഖ ബാധിതരാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ട്.
പ്രത്യേക ഗ്രാമസഭ ചേർന്ന് പ്ലാന്റിനെതിരെ ജനകീയ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ പ്രതിഷേധിക്കുന്നവരെ കേസിൽ കുടുക്കി അടിച്ചമർത്തുന്ന സ്ഥിതിയാണെന്ന് സമിതി കൺവീനർ സാജു വർഗീസ്, ചെയർമാൻ ഷിബി കുര്യാക്കോസ് എന്നിവർ പറഞ്ഞു. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണം, റോഡിലെ അപകടാവസ്ഥ എന്നിവ പരിഹരിക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.