പെരുമ്പാവൂരിലെ ഗതാഗത പ്രശ്നം: മന്ത്രിമാരെത്തി; ഗതാഗതപ്രശ്നം വീണ്ടും സജീവമായി
Mail This Article
പെരുമ്പാവൂർ ∙ അടുത്തടുത്ത ദിവസങ്ങളിലായി 2 മന്ത്രിമാരുടെ സന്ദർശനത്തോടെ പെരുമ്പാവൂരിലെ ഗതാഗത പ്രശ്നം വീണ്ടും സജീവ ചർച്ചയായി. ഗതാഗതക്കുരുക്കഴിക്കാനുള്ള യത്നത്തിൽ പങ്കാളികളാകാൻ എംഎൽഎയെയും നഗരസഭാധ്യക്ഷനെയും കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ക്ഷണിച്ചിരുന്നു. ഇന്നലെ ടൗൺ ബൈപാസ് നിർമാണ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നിവേദനം നൽകി റോഡ് പ്രശ്നം നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കലും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു.
ജനകീയ കർമ പദ്ധതി: എംഎൽഎ
ഗതാഗതക്കുരുക്കഴിക്കാൻ ജനകീയ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.ആലുവ - മൂന്നാർ റോഡിലെയും എംസി റോഡിലെയും തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന പ്രധാന ജംക്‌ഷനുകൾ നവീകരിക്കും. പൊതുജനങ്ങളിൽ നിന്ന് മാർഗനിർദേശങ്ങൾ സ്വീകരിക്കും. പുറമ്പോക്കുകൾ കയ്യേറുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കയ്യേറിയ ഇടങ്ങളിൽ നിന്ന് ആളുകൾ സ്വമേധയാ പിന്മാറണമെന്നും എംഎൽഎ അഭ്യർഥിച്ചു.
2 റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ കൂടുതൽ പാർക്കിങ് സൗകര്യം ലഭ്യമാക്കും.ടൗണിലെ കടകൾക്കു പിന്നിൽ കാടുകയറി കിടക്കുന്ന ധാരാളം സ്ഥലങ്ങളുണ്ട് .ഇവയെല്ലാം ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കിയാൽ റോഡരികിലെ പാർക്കിങ്ങിനു പ്രയോജനപ്പെടും.മന്ത്രിയുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കും. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഉടൻ വിളിക്കും.കെഎസ്ആർടിസി സ്റ്റാൻഡിന്റെ മോശം അവസ്ഥ പരിഹരിക്കാൻ മന്ത്രിയുടെ നിർദേശ പ്രകാരം ബ്രാൻഡിങ്ങിനു ശ്രമം തുടങ്ങിയെന്നും എംഎൽഎ പറഞ്ഞു.
ഫണ്ട് അനുവദിക്കണം: നഗരസഭാധ്യക്ഷൻ
തകർന്ന റോഡുകളും കാനകളും പുനർനിർമിക്കുന്നതിനും നഗരസഭയ്ക്ക് ലഭിക്കാനുള്ള ഫണ്ട് ലഭ്യമാക്കണമെന്നഭ്യർഥിച്ചു മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ നിവേദനം നൽകി. നഗരസഭാ റോഡുകളുമായി കൂടി ചേരുന്ന ഭാഗത്തുള്ള പിഡബ്യൂഡി റോഡുകളും കാനകളും തകർന്ന അവസ്ഥയിലാണ്. നഗരസഭയുടെ പരിമിതമായ ഫണ്ട് ഉപയോഗിച്ച് പുനർ നിർമാണം നടത്തി.
എന്നാൽ വീണ്ടും പല സ്ഥലങ്ങളിലും കാനകളും റോഡുകളും തകർന്നു. ഇത് അപകടങ്ങൾക്കു കാരണമാകുന്നു. കുടിവെള്ള പദ്ധതികളുടെ നടത്തിപ്പിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമിച്ചിട്ടില്ല. ഇതുമൂലം ശബരിമല തീർഥാടകർക്ക് അടക്കം ബുദ്ധിമുട്ട് ഉണ്ടാകുന്നു. നഗരസഭയ്ക്ക് ദൈനംദിന കാര്യങ്ങൾക്കു പോലും ഫണ്ട് തികയുന്നില്ല. പെൻഷൻ ഫണ്ട് ഇനത്തിൽ നഗരസഭയ്ക്ക് 14 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും അദ്ദേഹം നിവേദനത്തിൽ വ്യക്തമാക്കി.