തമ്മനത്ത് പൈപ്പ് പൊട്ടി; ജല വിതരണം മുടങ്ങി
Mail This Article
കൊച്ചി ∙ തമ്മനം– പുല്ലേപ്പടി റോഡിൽ തമ്മനം ജംക്‌ഷനു സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്നു നഗരത്തിലെ ചില ഭാഗങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടു. തമ്മനം ഭാഗത്തു നിന്ന് വൈറ്റില, പൊന്നുരുന്നി ഭാഗങ്ങളിലേക്കു പോകുന്ന ആറ് ഇഞ്ച് വ്യാസമുള്ള വിതരണ പൈപ്പാണ് ഇന്നലെ രാവിലെ നാലരയ്ക്കു പൊട്ടിയത്. വെള്ളം ചീറ്റിയൊഴുകിയതിനെ തുടർന്നു റോഡിലെ കുറച്ചു ഭാഗം ഒലിച്ചു പോയി. ജല അതോറിറ്റി ജീവനക്കാരും കരാറുകാരും രാവിലെ മുതൽ തന്നെ പരിശോധന ആരംഭിച്ചു. ഉച്ചയോടെയാണു പൈപ്പിലെ ചോർച്ച കൃത്യമായി കണ്ടെത്താനായത്. തുടർന്ന് അറ്റകുറ്റപ്പണി നടത്തി പൈപ്പിലെ തകരാർ പരിഹരിച്ചു. പൈപ്പ് പൊട്ടിയതു മൂലം തമ്മനം– പുല്ലേപ്പടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
ഒരു വശത്തേക്കു മാത്രമാണു വാഹനങ്ങൾ കടത്തിവിട്ടത്. തമ്മനം– വൈറ്റില റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഐഷാ റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. റോഡിലെ പൈപ്പ് പൊട്ടിയ ഭാഗം മണ്ണിട്ടു നികത്തി താൽക്കാലികമായി ഗതാഗത യോഗ്യമാക്കുമെന്നു ജല അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നു കൗൺസിലർ സക്കീർ തമ്മനം പറഞ്ഞു. റോഡ് ടാറിട്ടു പൂർവ സ്ഥിതിയിലാക്കാൻ കുറച്ചു ദിവസങ്ങൾ കൂടിയെടുക്കും. ഇക്കാര്യത്തിൽ ജല അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു.
പൊന്നുരുന്നി ഭാഗത്തേക്കുള്ള പൈപ്പ്‌ലൈനാണു പൊട്ടിയതെങ്കിലും പമ്പിങ് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പശ്ചിമ കൊച്ചി ഒഴികെയുള്ള നഗര ഭാഗങ്ങളിലെ ജലവിതരണത്തെ ഇതു ബാധിച്ചു. കൂടുതൽ ഭാഗങ്ങളിലേക്കു വെള്ളമെത്തിക്കാനായി ബൂസ്റ്റിങ് പമ്പിങ് നടത്തുന്ന ദിവസമായിരുന്നു ഇന്നലെ. ഇതു ശരിയായ രീതിയിൽ നടക്കാത്തതിനാൽ ചില ഭാഗങ്ങളിൽ ഇന്നും ശുദ്ധജല വിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നു ജല അതോറിറ്റി അറിയിച്ചു.ആലുവയിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്‌ലൈനിൽ പുക്കാട്ടുപടിക്കു സമീപമുണ്ടായ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ദിവസം പമ്പിങ് നിർത്തിവച്ചിരുന്നു. ഇതിനു ശേഷം ജലവിതരണം പൂർവ സ്ഥിതിയിലായി വരുന്നതേയുണ്ടായിരുന്നുള്ളൂ.