ADVERTISEMENT

മൂവാറ്റുപുഴ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയും 3 അന്തർ സംസ്ഥാന പാതകളും സംഗമിക്കുന്ന മൂവാറ്റുപുഴ മേഖലയിൽ ഡിസംബറിൽ ഇതുവരെ അപകടങ്ങളിൽ പൊലിഞ്ഞത് 8 ജീവനുകൾ. 6 മാസത്തിനിടെ 27 പേരാണു മരിച്ചത്. എംസി റോഡ്, പുനലൂർ–തൊടുപുഴ– മൂവാറ്റുപുഴ റോഡ്, കൊച്ചി–ധനുഷ്കോടി റോഡ‍്, മൂവാറ്റുപുഴ– തേനി റോ‍ഡ്, കക്കടാശേരി– കാളിയാർ റോഡ് എന്നിവിടങ്ങളിലായി 99 അപകടങ്ങളാണ് ഉണ്ടായത്. ഏറ്റവും അധികം അപകടങ്ങൾ എംസി റോഡിൽ തന്നെയായിരുന്നു. പുതുതായി നവീകരിച്ച മൂവാറ്റുപുഴ– തേനി റോ‍ഡിനാണ് അപകടങ്ങളിൽ രണ്ടാം സ്ഥാനം, മൂവാറ്റുപുഴ– പുനലൂർ റോ‍ഡ്, മൂവാറ്റുപുഴ– പിറവം റോ‍ഡ് എന്നിവിടങ്ങളിലും അപകടങ്ങളും അപകടമരണങ്ങളും വർധിച്ചു.

എംസി റോഡിൽ മണ്ണൂർ മുതൽ വാഴപ്പിള്ളി വരെയുള്ള കൊടുംവളവുകളിലാണ് അപകടങ്ങൾ തുടർച്ചയാകുന്നത്. മണ്ണൂർ കവലയിലെ വളവ്, തൃക്കളത്തൂർ വളവ്, വപള്ളിച്ചിറങ്ങര വളവ്, സൊസൈറ്റിപ്പടി എന്നിവിടങ്ങളാണ് അപകട മേഖല. മൂവാറ്റുപുഴ – തേനി റോഡിൽ കല്ലൂർക്കാട്, പെരുമാംകണ്ടം എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. റോഡിന്റെ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും വാഹനങ്ങളുടെ അമിത വേഗവുമാണ് കാരണം. മൂവാറ്റുപുഴ– പുനലൂർ റോഡിൽ കദളിക്കാട്, മടക്കത്താനം, അച്ചൻകവല, വാഴക്കുളം എന്നിവിടങ്ങളിലാണ് അപകടങ്ങൾ കൂടുതൽ.

സുഗമ പാതയായതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കദളിക്കാട് അപകടങ്ങൾ തുടർച്ചയായപ്പോൾ തിരുവനന്തപുരത്തു നിന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ നടത്തി റോഡ് സുരക്ഷ നിർദേശങ്ങൾ തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. ഒന്നും നടന്നില്ല. കൊച്ചി– ധനുഷ്കോടി റോഡിൽ വാളകം, കടാതി, മേക്കടമ്പ് എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. റോഡ് അപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടർ വാഹന വകുപ്പ് തയാറാക്കിയ സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടിലെ ഒരു നിർദേശം പോലും നടപ്പാക്കാൻ അധികാരികൾക്കായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com