അപകടങ്ങൾ ഇല്ലാതാക്കാൻ റോഡിൽ പരിശോധന
Mail This Article
മൂവാറ്റുപുഴ∙ അപകടങ്ങൾ വർധിച്ചതോടെ റോഡിൽ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധന. മൂവാറ്റുപുഴ– പുനലൂർ റോഡിൽ നടന്ന പരിശോധനയിൽ ഗതാഗത നിയമ ലംഘനം കണ്ടെത്തിയ 37 വാഹനങ്ങൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഗതാഗത നിയമ സംഘടന നടത്തിയ വാഹനങ്ങളിൽ നിന്ന് 52000 രൂപ പിഴയും അടപ്പിച്ചു. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെയാണു മൂവാറ്റുപുഴ– പുനലൂർ റോഡിലെ വാഴക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടർ വാഹന വകുപ്പും വാഴക്കുളം പൊലീസും ചേർന്ന് പരിശോധന നടത്തിയത്.
ഗുഡ്സ് വാഹനങ്ങളിൽ ആളുകളെ കയറ്റിക്കൊണ്ടു പോകൽ, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വാഹന ഡ്രൈവിങ്, അമിത വേഗം, ആവശ്യമായ രേഖകളില്ലാത്ത വാഹനങ്ങൾ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. മൂവാറ്റുപുഴ മേഖലയിലും തുടർന്നുള്ള ദിവസങ്ങളിൽ പരിശോധനകൾ നടക്കുമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.